പുതിയ ലോക ചാംപ്യനായ ശേഷം ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ദൊമ്മരാജു ഗുകേഷിന്റെ ആദ്യ ക്ലാസിക്കൽ ചെസ് ടൂർണമെന്റ് ആയിരുന്നു നോർവേയിൽ നടന്നത്. ആദ്യ റൗണ്ടിലെ എതിരാളി മുൻ ലോക ചാംപ്യനും ഒന്നാം നമ്പർ താരവുമായ നോർവേക്കാരൻ മാഗ്നസ് കാൾസൻ ആയിരുന്നു. ആദ്യദിനം 55 നീക്കങ്ങളിൽ ഗുകേഷിനെ തോൽപിച്ച് മാഗ്നസ് വിജയിച്ചു. എന്നാൽ, ആറാം റൗണ്ട് മത്സരത്തിൽ ഗുകേഷ് തിരിച്ചടിച്ചു. ക്ലാസിക്കൽ ചെസിൽ ലോക ഒന്നാം നമ്പർ താരത്തിനെതിരെ ഗുകേഷിന്റെ ആദ്യ വിജയം.
ജയസാധ്യതയുള്ള കരുനില പരാജയത്തിലേക്കു കൂപ്പുകുത്തിയപ്പോൾ മാഗ്നസിനു രോഷമടക്കാനായില്ല. ചെസ് മേശയിൽ ആഞ്ഞടിച്ചു. ഇത് കണ്ട് വിജയനിറവിലും ഒരു നിമിഷം ഗുകേഷ് ഞെട്ടി. എന്നാൽ, തന്റെ രോഷം തന്റെ തന്നെ കളിയോടാണെന്ന അർഥത്തിൽ ഗുകേഷിന്റെ പുറത്തുതട്ടി അഭിനന്ദിച്ചാണു മാഗ്നസ് മടങ്ങിയത്.
എന്നാൽ, നോർവേ ചെസ് അവസാനിക്കുകയും മാഗ്നസ് വീണ്ടും കിരീടം നേടുകയും ചെയ്തിട്ടും ചൂടാറാത്ത ചർച്ച മാഗ്നസിന്റെ തോൽവിയെയും അനന്തര നാടകങ്ങളെയും കുറിച്ചാണ്. 2024 ലെ നോർവേ ചെസിനു ശേഷം മാഗ്നസ് കാൾസൻ ക്ലാസിക്കൽ ചെസ് മത്സരങ്ങൾ കളിച്ചിരുന്നില്ല. വേഗ ചെസ് ഇനങ്ങളായ റാപിഡ്, ബ്ലിറ്റ്സ് എന്നിവയിലും ഫ്രീ സ്റ്റൈൽ ചെസിലുമായിരുന്നു ശ്രദ്ധ. ഗുകേഷ് ലോക ചാംപ്യനായശേഷം ക്ലാസിക്കൽ ചെസിൽ ഇവർ തമ്മിൽ നടന്ന ആദ്യ കളിക്ക് അതുകൊണ്ടുതന്നെ പ്രാധാന്യമേറെയായിരുന്നു.
ആദ്യ റൗണ്ടിൽ, ഗുകേഷിനെ തോൽപിച്ചതിനെക്കുറിച്ച്. ‘‘വിജയം എപ്പോഴും സന്തോഷം നൽകുന്നതാണ്’’ എന്നായിരുന്നു മാഗ്നസിന്റെ മറുപടി. എന്നാൽ, ‘‘യു കം അറ്റ് ദ് കിങ്, യു ബെസ്റ്റ് നോട്ട് മിസ്’’(രാജാവിനെ വെല്ലുവിളിക്കുന്നുണ്ടെങ്കിൽ വിജയം ഉറപ്പാക്കുക) എന്ന അമേരിക്കൻ ക്രൈം ഡ്രാമ ടെലിവിഷൻ പരമ്പര വാക്യം എക്സിൽ കുറിച്ചതിലൂടെ ‘ഞാനാണു കേമൻ’ എന്ന ധ്വനി മുഴങ്ങി.
അതേസമയം, ടൂർണമെന്റ് അവസാനിച്ചപ്പോൾ മാഗ്നസ് പറഞ്ഞതു മറ്റൊന്നാണ്. ‘‘പൊതുവെ നല്ല ചെസാണ് ഞാൻ കളിച്ചത്. ഗുകേഷിനോടുള്ള അവസാന തോൽവിയെത്തുടർന്നുള്ള പെരുമാറ്റത്തെക്കാൾ എന്റെ മോശം കളിയിലാണ് ഞാൻ ഖേദിക്കുന്നത്." ചെസ് ബോർഡിനെ തീപിടിപ്പിച്ച കളികളെക്കാളും ലോകം ശ്രദ്ധിച്ചത് വികാരഭരിതമായ മാഗ്നസിന്റെ പ്രകടനങ്ങളായിരുന്നു.
"താൻ ജയിക്കുകയും തോൽക്കുകയും ചെയ്ത യുദ്ധം. കാലത്തെ ആർക്കും കവച്ചുകടക്കാനാവില്ലെന്ന സത്യം" –ഇതെല്ലാം കളിമേശയിലെ മാഗ്നസ് കാൾസന്റെ ആഞ്ഞടിയിൽ ഉണ്ടായിരുന്നു. ടൂർണമെന്റ് അവസാനിച്ചപ്പോൾ, പഴയ പടക്കുതിരകളായ മാഗ്നസ്, ഫാബിയോ കരുവാന, ഹികാരു നകാമുറ എന്നിവർ തന്നെയായിരുന്നു ആദ്യ സ്ഥാനങ്ങളിൽ. ‘‘പഴയ കളിക്കാർക്കു തന്നെയാണ് ഇപ്പോഴും ചെറിയ മേൽക്കൈ. കുട്ടികൾ ആ സ്ഥാനത്തെത്താറായിട്ടില്ല.’’– ‘ഞാൻ തന്നെ കേമൻ’ എന്നു മാഗ്നസ് പറയാതെ പറഞ്ഞു.