Chess

ചെസ് ലോകകപ്പ് : മൂന്നാം റൗണ്ട് മത്സരങ്ങൾ ഇന്നു മുതൽ | Chess World Cup

ഡി. ഗുകേഷ്, അർജുൻ എരിഗേസി, പ്രഗ്‌നാനന്ദ, എസ്.എൽ നാരായണൻ, വിദിത്ത് ഗുജറാത്തി തുടങ്ങിയ ഇന്ത്യൻ താരങ്ങൾ മൂന്നാം റൗണ്ടിലേക്ക്.
Published on

ഗോവയിൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. മുൻ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിസ്റ്റ് ഇയാൻ നിപ്പോംനിയാഷി, അമേരിക്കയുടെ വെസ്‌ലി സോ, വാസ്‌ലി ഇവാൻചുക്ക്, ഡേവിഡ് നവാര എന്നീ മുൻനിര വിദേശതാരങ്ങൾ രണ്ടാം റൗണ്ടോടെ പത്തി മടക്കിയപ്പോൾ ഡി. ഗുകേഷ്, അർജുൻ എരിഗേസി, പ്രഗ്‌നാനന്ദ, എസ്.എൽ നാരായണൻ, വിദിത്ത് ഗുജറാത്തി തുടങ്ങിയ ഇന്ത്യൻ താരങ്ങൾ മൂന്നാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.

ഇംഗ്‌ളീഷ് ഗ്രാൻഡ്മാസ്റ്റർ വിറ്റിയുഗോവ് നികിതയെയാണ് നാരായണൻ ടൈബ്രേക്കറിൽ കീഴടക്കിയത്. വിദിത്ത് ചെസിലെ മെസി എന്നുവിളിക്കുന്ന അർജന്റീന താരം ഒറോ ഫാസ്റ്റിനോയെയാണ് ടൈബ്രേക്കറിൽ കീഴടക്കിയത്. പ്രഗ്‌നാനന്ദയും ടൈബ്രേക്കറിൽ ജയം കണ്ടപ്പോൾ മലയാളി താരം നിഹാൽ സരിൻ ഗ്രീക്ക് താരം സ്റ്റമാറ്റിസിനോട് ടൈബ്രേക്കറിൽ തോറ്റ് പുറത്തായി.

റഷ്യൻ ഗ്രാൻഡ്മാസ്റ്ററായ ഇയാൻ നിപ്പോം നിയാഷിയെ ഇന്ത്യൻ യുവതാരം ദീപ്തായൻ ഘോഷാണ് അട്ടിമറിച്ചത്. രണ്ടാം റൗണ്ടിലെ ആദ്യ ഗെയിമിൽ സമനില പിടിച്ച ദീപ്തായൻ രണ്ടാം ഗെയിമിൽ കറുത്തകരുക്കളുമായി കളിച്ച് വിജയിക്കുകയായിരുന്നു.

വെസ്‌ലി സോയെ ജർമ്മൻ ഗ്രാൻഡ്മാസ്റ്റർ ടൈറ്റസ്റ്റ സ്‌ട്രെമാവിഷ്യസാണ് പരാജയപ്പെടുത്തിയത്. ഗുകേഷ് രണ്ടാം റൗണ്ടിൽ കസാഖിസ്ഥാൻ ഗ്രാൻഡ്മാസ്റ്റർ നോഗർബെക്കിനെയാണ് മറികടന്നത്.

Times Kerala
timeskerala.com