
ചെസ് ലോകകപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിത. ചെസ് ലോകകപ്പിന്റെ സെമിഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് കൊനേരു ഹമ്ബി. ചൈനയുടെ യുക്‌സിൻ സോങ്ങിനെതിരായ രണ്ടാം ക്ലാസിക്കൽ ഗെയിമിൽ സമനില നേടിയാണ് ഹമ്ബി അവസാന നാലിൽ ഇടം നേടിയത്. ആദ്യ ഗെയിം ഹമ്ബി വിജയിച്ചിരുന്നു. ഇതോടെ മുന്നോട്ട് പോകാൻ ഒരു അര പോയിന്റ് മാത്രം വേണ്ടിയിരുന്ന ഹമ്ബി വളരെ കരുതലോടെ കരുക്കൾ നീക്കി നേടുകയായിരുന്നു.
ആക്രമണോത്സുകമായ ജോബവ ലണ്ടൻ സിസ്റ്റം തിരഞ്ഞെടുത്ത് സോങ് മത്സരത്തിലേക്ക് കടന്നു വന്നുവെങ്കിലും ഹമ്ബി സംയമനം പാലിച്ചു. രണ്ട് കാലാൾമാരെ ബലി നൽകി കളി തന്ത്രപരമായി തുല്യമായ നിലയിലേക്ക് എത്തിച്ചു. 53 നീക്കങ്ങളിലുടനീളം തന്റെ എതിരാളിക്ക് ഒരു പ്രതീക്ഷയും നൽകാതെ ഹമ്ബി തന്റെ എൻഡ് ഗെയിം വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചു.
അതേസമയം, ഡി ഹരികയും ദിവ്യ ദേശ്മുഖും തമ്മിലുള്ള ഓൾ ഇന്ത്യൻ ക്വാർട്ടർ ഫൈനൽ മത്സരം രണ്ട് സമനിലകളിൽ കലാശിച്ചു. ഇരുവരും തിങ്കളാഴ്ചത്തെ റാപ്പിഡ്, ബ്ലിറ്റ്‌സ് ടൈബ്രേക്കുകളിലേക്ക് കടക്കും. ഇത് ഹമ്ബിയോടൊപ്പം ഒരാൾ കൂടി അവസാന നാലിൽ എത്തുന്നത് ഉറപ്പാക്കുകയും ബാക്കുവിലെ ടൂർണമെന്റിൽ ഇന്ത്യയുടെ ആധിപത്യം വർദ്ധിപ്പിക്കുകയും ചെയ്യും.