

ഫിഡെ ചെസ് ലോകകപ്പിന് ഗോവയിൽ ഗംഭീര തുടക്കം. ആദ്യ റൗണ്ട് മത്സരങ്ങൾ ഇന്നു തുടങ്ങും. ഏറ്റവും കടുപ്പമേറിയ നോക്കൗട്ട് ടൂർണമെന്റ് എന്നതിലുപരി നിലവിലെ ലോക ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിനുള്ള യോഗ്യതാ മത്സരം കൂടിയാണ് ഈ ലോകകപ്പ്.
ലോകകപ്പിലെ ആദ്യ 3 സ്ഥാനക്കാർക്കാണ് കാൻഡിഡേറ്റ്സ് യോഗ്യത. നിലവിലെ ലോക ചാംപ്യൻ ഡി.ഗുകേഷ്, ഇതിനകം യോഗ്യത നേടിയ അനീഷ് ഗിരി, മത്യാസ് ബ്ലൂബോം എന്നിവർ ലോകകപ്പിലെ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയാൽ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തിയവർക്ക് അവസരം ലഭിക്കും.
നിലവിലെ വനിതാ ലോകകപ്പ് ചാംപ്യൻ ദിവ്യ ദേശ്മുഖ് ആണ് പങ്കെടുക്കുന്ന ഏക വനിത. വൈൽഡ് കാർഡ് യോഗ്യതയുമായെത്തിയ ദിവ്യ ആദ്യ റൗണ്ടിൽ നേരിടുന്നത് ഗ്രീക്ക് ഗ്രാൻഡ് മാസ്റ്റർ സ്റ്റമാറ്റിസ് കോർകലോസ് അർഡിറ്റിസിനെയാണ്. ജയിച്ചാൽ നിഹാൽ സരിനാകും രണ്ടാം റൗണ്ടിൽ ദിവ്യയുടെ എതിരാളി.
12 വയസ്സുള്ള അർജന്റീന പ്രതിഭ ഫോസ്റ്റിനോ ഓറോയാണ് ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ താരം. മൊണാക്കോയിൽനിന്നുള്ള അറുപത്തഞ്ചുകാരൻ ഇഗോർ എഫിമോവ് ഏറ്റവും പ്രായംകൂടിയ താരവും.
ഡി. ഗുകേഷ് (1), അർജുൻ എരിഗെയ്സി (2), ആർ.പ്രഗ്നാനന്ദ (3), വിദിത് ഗുജറാത്തി (19), അരവിന്ദ് ചിദംബരം (20), നിഹാൽ സരിൻ (22), പെന്റല ഹരികൃഷ്ണ (24) എന്നിവരാണ് സീഡിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ താരങ്ങൾ.