സഞ്ജുവിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറായി ചെന്നൈ; രണ്ടുപേരെ രാജസ്ഥാന് വിട്ടുകൊടുക്കും | Sanju Samson

ഒരു ഇന്ത്യൻ ഓഫ് സ്പിന്നറെയും ഇടം കൈയ്യൻ ബാറ്റർ മിഡിൽ ഓർഡർ ബാറ്ററെയും വിട്ടുകൊടുക്കാൻ തയാറായി ചെന്നൈ; രാജസ്ഥാനിലേക്ക് അശ്വിനും ദുബെയുമെന്ന് റിപ്പോർട്ട്
Sanju
Published on

അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായി മലയാളി താരം സഞ്ജു സാംസണുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറായി ചെന്നൈ. മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് ആക്കം കൂടുന്നുണ്ട്‌. പ്രശസ്ത ക്രിക്കറ്റ് അനലിസ്റ്റായ പ്രസന്ന അഗോരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് സഞ്ജുവിന്റെ ചെന്നൈയിലേക്കുള്ള മാറ്റം വീണ്ടും ചർച്ചയാകാൻ കാരണം.

ഒരു ഇന്ത്യൻ ഓഫ് സ്പിന്നറെയും ഇടം കൈയ്യൻ മിഡിൽ ഓർഡർ ബാറ്ററെയും നൽകി പകരം ഒരു ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്ററെ വാങ്ങുന്നതിനുള്ള ചർച്ചകൾ നടക്കുന്നതായാണ് പ്രസന്നയുടെ കുറിപ്പ്. മുൻപ് ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പവും പിന്നീട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനൊപ്പവും അനലിസ്റ്റായി ജോലി ചെയ്തിട്ടുള്ള പ്രസന്ന, രവിചന്ദ്രൻ അശ്വിനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പ്രസന്ന ചർച്ചകളിലുള്ള താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണാണെന്നാണ് അഭ്യൂഹം.

അതുപോലെ, രാജസ്ഥാൻ റോയൽസിൽ,നിന്ന് സഞ്ജുവിനെ ട്രേഡിങ്ങിലൂടെ ടീമിലെത്തിക്കുമ്പോൾ, പകരം രാജസ്ഥാന് നൽകാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനും മിഡിൽ ഓർഡറിലെ ഇടംകയ്യൻ ബാറ്റർ ശിവം ദുബെയുമാണെന്നാണ് റിപ്പോർട്ട്.

‘‘ട്രേഡ് ചർച്ചകൾക്കു തുടക്കം. ഒരു ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്റർക്കു പകരം ഒരു ഇന്ത്യൻ ഓഫ് സ്പിന്നറെയും മിഡിൽ ഓർഡറിലെ ഇടംകയ്യൻ ബാറ്ററെയും കൈമാറുന്നതിലാണ് ചർച്ച." - എന്നാണ് പ്രസന്ന കുറിച്ചത്.

അശ്വിൻ, ദുബെ എന്നീ താരങ്ങളുടെ നിലവിലെ മൂല്യം ആകെ 21.75 കോടി രൂപയാണ്. ഏതാനും സീസണുകളായി രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ കഴിഞ്ഞ സീസണിൽ അവർ നിലനിർത്തിയത് 18 കോടി രൂപയ്ക്കും. ഫലത്തിൽ ഈ ട്രേഡ് യാഥാർഥ്യമായാൽ 3.75 കോടി രൂപ കൂടി രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിന് നൽകേണ്ടി വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com