

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം മുടങ്ങിയതിനു പിന്നാലെ പലാഷിന്റേതെന്ന പേരിലുള്ള ചാറ്റ് സ്ക്രീന്‍ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ഞായറാഴ്ച നടക്കേണ്ട വിവാഹച്ചടങ്ങുകൾ മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചത്. അണുബാധയുണ്ടായതിനെ തുടർന്ന് പലാഷും ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു.
സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥന ആശുപത്രി വിട്ട ശേഷമാകും പുതിയ വിവാഹ തീയതി തീരുമാനിക്കുക. അതിനിടെയാണ് പലാഷ്, മേരി ഡി കോസ്റ്റ എന്ന യുവതിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളെന്ന പേരിൽ എക്സ് പ്ലാറ്റ്ഫോമിൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. പലാഷുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ എന്ന പേരിലാണ് മേരി ഡി കോസ്റ്റ ഈ ചാറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. സ്ക്രീൻ ഷോട്ടുകൾ വൈറലായെങ്കിലും സംഭവത്തിൽ സ്മൃതിയോ, പലാഷോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മേരി ഡി കോസ്റ്റ ഒരു കോറിയോഗ്രഫറാണെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്പാ, സ്വിമ്മിങ് പൂൾ, വെർസോവ ബീച്ച് എന്നിവിടങ്ങളിൽ ഒരുമിച്ചു സമയം ചെലവിടാൻ പലാഷ്, മേരി ഡി കോസ്റ്റയെ ക്ഷണിക്കുന്നത് ചാറ്റുകളിലുണ്ട്. എന്നാൽ ഇത് എത്രത്തോളം സത്യമാണെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും ആയിട്ടില്ല. വിവാഹം മാറ്റിവച്ചതിനു പിന്നാലെ സ്മൃതി വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്തിരുന്നു. സ്മൃതിയുടെ സുഹൃത്തും ഇന്ത്യൻ താരവുമായ ജമിമ റോഡ്രിഗസ് പങ്കുവച്ച ആഘോഷ വിഡിയോകളും ഡിലിറ്റ് ചെയ്തിരുന്നു.