
ഓവലിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 374 റൺസ് വിജയലക്ഷ്യം. യശസ്വി ജയ്‌സ്വാൾ സെഞ്ച്വറി നേടി. രവീന്ദ്ര ജഡേജയും ആകാശ് ദീപും വാഷിംഗ്‌ടൺ സുന്ദറും അർദ്ധ സെഞ്ച്വറി കുറിച്ചു. ഇംഗ്ലണ്ടിനായി ജോഷ് ടങ്ക് അഞ്ചു വിക്കറ്റുകൾ നേടി.
മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി ക്രീസിൽ ഓപണർ ജയ്‌സ്വാളും ആകാശ് ദീപുമാണുണ്ടായിരുന്നത്. ഇരുവരും ചേർന്ന് 107 റൺസ് കൂട്ടിച്ചേർത്തു. ആകാശ് ദീപ് തന്റെ കരിയറിലെ ആദ്യ അർദ്ധ സെഞ്ച്വറി നേടി. അധികം വൈകാതെ ആകാശ് ദീപിനെ ആറ്റ്കിൻസന്റെ കയ്യിലെത്തിച്ച് ഓവർട്ടൺ ആ മികച്ച കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. പിന്നാലെ വന്ന ക്യാപ്റ്റൻ ഗില്ലിനെയും കരുൺ നായരെയും പുറത്താക്കി ഗസ് അറ്റ്കിൻസൺ ആതിഥേയർക്ക് പ്രതീക്ഷ നൽകി.
ജഡേജയ്‌ക്കൊപ്പം ബാറ്റിംഗ് തുടർന്ന ജയ്‌സ്വാൾ തന്റെ സെഞ്ച്വറി പൂർത്തിയാക്കി. 65ാം ഓവറിൽ ജയ്‌സ്വാൾ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർബോർഡിൽ 273 റൺസായിരുന്നു. തുടർന്ന് ജഡേജയും ജ്യുറെലും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തു. പക്ഷെ ജ്യുറേലിനെ പുറത്താക്കി ഓവർട്ടൺ വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായെത്തി. സുന്ദറിനൊപ്പം ബാറ്റിംഗ് തുടർന്ന ജഡേജ അർധ ശതകം പൂർത്തിയാക്കി. ജഡേജയെയും പിന്നാലെ വന്ന സിറാജിനെയും മികച്ച ഫോമിലുള്ള ജോഷ് ടങ്ക് ഒരേ ഓവറിൽ പുറത്താക്കി.
അവസാന വിക്കറ്റിൽ തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ച വാഷിംഗ്‌ടൺ സുന്ദർ ഇന്ത്യയുടെ ലീഡുയർത്തി. 46 പന്തിൽ നാല് ഫോറുകളും നാല് സിക്സുകളും പറത്തി 56 റൺസുമായി തന്റെ അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. 88ാം ഓവറിൽ ജോഷ് ടങ്ക് അവസാന വിക്കറ്റെടുക്കുമ്പോൾ ഇന്ത്യയുടെ ലീഡ് 373 റൺസായിരുന്നു.