

മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 237 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 46.4 ഓവറിൽ 236 റൺസടിച്ചു പുറത്തായി. മാറ്റ് റെൻഷോ ആതിഥേയർക്കായി അർധ സെഞ്ചറി നേടി. 58 പന്തുകൾ നേരിട്ട റെൻഷോ 56 റൺസടിച്ചാണു പുറത്തായത്. മിച്ചല്‍ മാർഷ് (50 പന്തിൽ 41), മാത്യു ഷോർട്ട് (41 പന്തിൽ 30), ട്രാവിസ് ഹെഡ് (25 പന്തിൽ 29), അലക്സ് ക്യാരി (37 പന്തിൽ 24) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാർ. ഓൾറൗണ്ടർ ഹർഷിത് റാണ ഇന്ത്യയ്ക്കായി നാലു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.
ഓപ്പണർമാർ മികച്ച തുടക്കമാണ് ഓസ്ട്രേലിയയ്ക്കു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഓസ്ട്രേലിയ 61 റൺസ് നേടി. പത്താം ഓവറിലെ രണ്ടാം പന്തിൽ ട്രാവിസ് ഹെഡിനെ പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. സ്കോർ 88 ൽ നിൽക്കെ മിച്ചൽ മാർഷിനെ അക്ഷർ പട്ടേൽ ബോൾഡാക്കി. 17 ഓവറിലാണ് ഓസീസ് സ്കോര്‍ 100 പിന്നിട്ടത്. 124ന് നാല് എന്ന നിലയിൽ നിന്ന് 201 റൺസെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകൾ നഷ്ടമായത് ഓസീസിനെ പ്രതിരോധത്തിലാക്കി.
അർധ സെഞ്ചറി നേടിയ മാറ്റ് റെൻഷോയുടെ പുറത്താകലിനു ശേഷം വിക്കറ്റുകൾ തുടർച്ചയായി വീണു. മിച്ചൽ ഓവൻ (ഒന്ന്), മിച്ചൽ സ്റ്റാർക്ക് (രണ്ട്) എന്നിവർ തിളങ്ങാതെ പോയി. അവസാന ഓവറുകളിലെ ഓസ്ട്രേലിയയുടെ പ്രതീക്ഷയായ കൂപ്പർ കോണോലിയെ 47–ാം ഓവറിൽ ഹർഷിത് റാണയുടെ പന്തിൽ വിരാട് കോലി ക്യാച്ചെടുത്തു പുറത്താക്കി. പിന്നാലെ ജോഷ് ഹെയ്സൽവുഡ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെ ഓസ്ട്രേലിയൻ ഇന്നിങ്സ് 236 ൽ അവസാനിച്ചു.
ഇന്ത്യക്കായി ഹർഷിത് റാണ നാലു വിക്കറ്റുകൾ വീഴ്ത്തി. ഓസീസ് മധ്യനിരയെ തകർത്തെറിഞ്ഞത് റാണയുടെ ബോളിങ് മികവാണ്. വാഷിങ്ടൻ സുന്ദറിനു രണ്ടു വിക്കറ്റും, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.