
ന്യൂഡൽഹി: ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും കൊറിയോഗ്രാഫര്‍ ധനശ്രീ വര്‍മയും തമ്മില്‍ അടുത്തിടെയാണ് പിരിഞ്ഞത്. വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസത്തിനുള്ളില്‍ തന്റെ മുന്‍ ഭര്‍ത്താവ് തന്നെ വഞ്ചിച്ചതായി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ധനശ്രീ വര്‍മ. ഒരു റിയാലിറ്റി ഷോയിലാണ് ധനശ്രീ വര്‍മ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. അവരുടെ സംഭാഷണത്തിന്റെ ഒരു ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.
സംഭാഷണത്തിനിടെ, ചാഹലുമായുള്ള ബന്ധം ശരിയാവില്ലെന്ന് എപ്പോഴാണ് ആദ്യമായി തിരിച്ചറിഞ്ഞതെന്ന് കുബ്ര, ധനശ്രീയോട് ചോദിച്ചപ്പോഴാണ് അവര്‍ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഇത് മുന്നോട്ട് പോകില്ല, ഇതൊരു തെറ്റായിരുന്നു എന്ന് എപ്പോഴാണ് നിങ്ങള്‍ തിരിച്ചറിഞ്ഞത്?’ എന്ന് കുബ്ര ചോദിച്ചു. ഇതിന് ധനശ്രീയുടെ മറുപടി ഇങ്ങനെയായിരുന്നു, ‘ആദ്യ വര്‍ഷം രണ്ടാം മാസത്തില്‍ തന്നെ അവനെ പിടികൂടി’. അത് അംഗീകരിച്ച് കൊണ്ട് ധനശ്രീ ഭ്രാന്തന്‍ ബ്രോയെന്ന് ആവര്‍ത്തിച്ചു.
വിവാഹം ബന്ധം വേര്‍പ്പെടുത്തിയത് സംബന്ധിച്ചുള്ള ജീവനാംശത്തെക്കുറിച്ച് പുറത്ത് വന്ന അഭ്യൂഹങ്ങള്‍ അസത്യമാണെന്നും ധനശ്രീ പരിപാടിയില്‍ വെളിപ്പെടുത്തി. "ഏകദേശം ഒരു വര്‍ഷമായി. അത് പരസ്പര സമ്മതത്തോടെ ആയിരുന്നതുകൊണ്ട് കാര്യങ്ങള്‍ വേഗത്തില്‍ നടന്നു, അതുകൊണ്ട് ആളുകള്‍ ജീവനാംശം എന്ന് പറയുന്നത് തെറ്റാണ്. ഞാന്‍ ഒന്നും മിണ്ടാത്തതുകൊണ്ട് നിങ്ങള്‍ക്ക് എന്തും പറയാമെന്നാണോ? ഞാന്‍ വില കല്‍പ്പിക്കുന്നവരോട് മാത്രം വിശദീകരിച്ചാല്‍ മതിയെന്നാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത്. നിങ്ങളെ അറിയുക പോലും ചെയ്യാത്തവരോട് വിശദീകരിച്ച് എന്തിന് സമയം പാഴാക്കണം?" -ധനശ്രീ ചോദിച്ചു.