സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ്‌സ്: സഞ്ജു സാംസണ്‍ മികച്ച ടി20 ബാറ്റ്‌സ്മാന്‍

സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ്‌സ്: സഞ്ജു സാംസണ്‍ മികച്ച ടി20 ബാറ്റ്‌സ്മാന്‍
Published on

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടയര്‍ നിര്‍മാതാക്കളായ സിയറ്റ്, സിയറ്റ് ക്രിക്കറ്റ് റേറ്റിങ് (സിസിആര്‍) അവാര്‍ഡ്‌സിന്റെ 27ാം പതിപ്പ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഭകളെ ആദരിക്കുന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ്‌സിന്റെ 27ാം പതിപ്പ് ക്രിക്കറ്റ് ലോകത്തെ ഒരുമിപ്പിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമായി മാറുകയും ചെയ്തു. ക്രിക്കറ്റ് ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഇംഗ്ലീഷ് താരം ജോ റൂട്ടിനാണ് സിയറ്റ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. മലയാളി താരം സഞ്ജു സാംസണ്‍ ആണ് ഏറ്റവും മികച്ച പുരുഷ ടി20 ബാറ്റര്‍. വരുണ്‍ ചക്രവര്‍ത്തി ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു പുരസ്‌കാര ജേതാക്കള്‍: മികച്ച ഏകദിന ബൗളര്‍-മാറ്റ് ഹെന്റി, മികച്ച ഏകദിന ബാറ്റര്‍-കെയിന്‍ വില്യംസണ്‍, മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍-ഹാരി ബ്രൂക്ക്, മികച്ച ടെസ്റ്റ് ബൗളര്‍-പ്രഭാത് ജയസൂര്യ, വിമണ്‍സ് ഇന്റര്‍നാഷണല്‍ ബാറ്റര്‍ ഓഫ് ദ ഇയര്‍-സ്മൃതി മന്ദാന, വിമണ്‍സ് ഇന്റര്‍നാഷണല്‍ ബൗളര്‍ ഓഫ് ദ ഇയര്‍-ദീപ്തി ശര്‍മ, ഡൊമസ്റ്റിക് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍-ഹർഷ് ദുബെ, ലൈഫ് ടൈം അച്ചീവ്‌മെന്റ് ഓഫ് ദ ഇയര്‍-ബി.സി ചന്ദ്രശേഖര്‍. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടാന്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍, മാതൃകാപരമായ ക്യാപ്റ്റന്‍സിക്ക് ടെംബ ബാവുമ എന്നിവരെയും പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.

തങ്ങളുടെ മനോബലവും അര്‍പ്പണബോധവും കൊണ്ട് ഈ കായികവിനോദത്തെ നിര്‍വചിച്ചവരെ ആദരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും, ഒപ്പം അവരുടെ ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക പറഞ്ഞു. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ്‌സിന്റെ മുഴുവന്‍ ചടങ്ങും റെഡ് കാര്‍പെറ്റ് ഇവന്റും ഒക്ടോബര്‍ 10ന് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് മത്സരം അവസാനിച്ച ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോഹോട്ട്സ്റ്റാറിലും സംപ്രേക്ഷണം ചെയ്യും.

Related Stories

No stories found.
Times Kerala
timeskerala.com