
വിമ്പിൾഡൻ ടെന്നിസിൽ നിലവിലെ ചാംപ്യൻ കാർലോസ് അൽകാരസ് വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ ബ്രിട്ടന്റെ ഒലിവർ ടാവർവെറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6–1, 6–4, 6–4) മറികടന്ന സ്പാനിഷ് താരം മൂന്നാം റൗണ്ടിൽ കടന്നു. പോർച്ചുഗലിന്റെ ന്യൂനോ ബോർഹസ്, റഷ്യയുടെ ആന്ദ്രെ റുബ്‌ലേവ്, ബ്രിട്ടന്റെ കാമറൂൺ നോറി എന്നിവരും മൂന്നാം റൗണ്ടിലെത്തി.
വനിതാ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റും ഇത്തവണ നാലാം സീഡുമായ ഇറ്റലിയുടെ ജാസ്മിൻ പവോലിനിയെ തകർത്ത് റഷ്യയുടെ കാമില റഖിമോവ മൂന്നാം റൗണ്ടിലെത്തി. 4–6, 6–4, 6–4 എന്ന സ്കോറിനാണ് കാമിലയുടെ വിജയം. ആദ്യ 10 റാങ്കിലുള്ള താരങ്ങൾക്കെതിരെ 80–ാം റാങ്കുകാരിയായ കാമിലയുടെ ആദ്യ ജയം കൂടിയാണിത്.
വനിതാ സിംഗിൾസിൽ ടോപ് സീഡ് ബെലാറൂസിന്റെ അരീന സബലേങ്ക മൂന്നാം റൗണ്ടിൽ കടന്നു. മുൻ ചാംപ്യൻ ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, യുഎസ് താരം എമ്മ നവാറോയോട് തോറ്റു (6–3, 6–1). ഇത് തന്റെ അവസാന വിമ്പിൾഡൻ ടൂർണമെന്റാണെന്ന് മുപ്പത്തിയഞ്ചുകാരി ക്വിറ്റോവ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ യുകി ഭാംബ്രി– യുഎസിന്റെ റോബർട്ട് ഗലോവേ സഖ്യവും ഇന്ത്യയുടെ ഋത്വിക് ചൗധരി– കൊളംബിയയുടെ നിക്കോളാസ് ബാരിൻടോസ് സഖ്യവും രണ്ടാം റൗണ്ടിൽ കടന്നപ്പോൾ രോഹൻ ബൊപ്പണ്ണ– ബൽജിയത്തിന്റെ സാൻഡർ ഗിൽ സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി.