

ഐഎസ്എല്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ 12 ടീം ക്യാപ്റ്റന്‍മാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. സുപ്രീം കോടതിയിൽ സമർപ്പിക്കേണ്ട ഹർജിയിൽ 12 ഐഎസ്‌എൽ ക്യാപ്റ്റൻമാർ ഒപ്പുവച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, ബെംഗളൂരു എഫ്‌സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി അടക്കമുള്ളവര്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ട്. സുഭാഷിഷ് ബോസ്, സന്ദേശ് ജിംഗൻ, മിഷേൽ സബാക്കോ, പ്രൊണായ് ഹാൽഡർ, ലാലിയൻസുവാല ചാങ്‌തെ, കാർലോസ് ഡെൽഗാഡോ, സൗൾ ക്രെസ്‌പോ, നിഖിൽ പ്രഭു, മന്ദർ റാവു ദേശായി, അലക്‌സ് സജി എന്നിവരും ഒപ്പുവച്ചിട്ടുണ്ട്.
ടീം ക്യാപ്റ്റന്‍മാര്‍ ഏതാനും ദിവസം മുമ്പ് ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. അടുത്ത ആഴ്ച ഹര്‍ജി സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഐഎസ്എല്‍ അനിശ്ചിതത്വം തുടരുന്നതില്‍ ടീമുകളുടെ മാനേജ്‌മെന്റും, താരങ്ങളും ആശങ്കയിലാണ്. വിവിധ ക്ലബുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. താരങ്ങളുമായുള്ള കരാറടക്കം റദ്ദാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് സൂചന. സാധാരണയായി സെപ്തംബറിലാണ് ഐഎസ്എല്‍ ആരംഭിക്കേണ്ടത്.
ഐഎസ്എല്ലിന്റെ വാണിജ്യ അവകാശങ്ങൾക്കായി ഒരു ബിഡും ലഭിക്കാത്തത് മൂലമാണ് ലീഗ് ഇത്തവണ വൈകുന്നത്. പുതിയ ഐഎസ്എല്‍ സീസണ്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ താരങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഐഎസ്എല്‍ അനിശ്ചിതത്വം താരങ്ങളുടെ കരിയറിനുമേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്.
പരിശീലകരും, ആരാധകരും, സ്റ്റാഫുകളും, കളിക്കാരും സ്തംഭിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ സന്ദേശ് ജിങ്കന്‍ പറഞ്ഞിരുന്നു. ഇനിയും താമസിക്കുന്നതില്‍ അര്‍ത്ഥമില്ല. തങ്ങള്‍ കഠിനാധ്വാനം ചെയ്തു. കുറേ സഹിച്ചുവെന്നും താരം വ്യക്തമാക്കി.