‘‘എന്റെ കാഴ്ചപ്പാടുകൾ വികസിക്കാനും വ്യത്യസ്ത വഴികളെ അംഗീകരിക്കുന്നതിന് മനസിനെ പാകപ്പെടുത്താനും നായകസ്ഥാനം സഹായിച്ചിട്ടുണ്ട്"; സഞ്ജു സാംസൺ | Rajasthan Royals

റോയൽസിന്‍റെ ക്യാപ്റ്റനായശേഷം തന്‍റെ കാഴ്ചപ്പാടിൽ വന്ന മാറ്റങ്ങളെ കുറിച്ച് മനസ്സുതുറന്ന് സഞ്ജു
Sanju
Published on

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ ഇക്കാര്യം നിഷേധിച്ച് സഞ്ജു തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റോയൽസിന്‍റെ ക്യാപ്റ്റനായശേഷം തന്‍റെ കാഴ്ചപ്പാടിൽ വന്ന മാറ്റങ്ങളെ കുറിച്ച് മനസ്സുതുറക്കുന്ന സഞ്ജുവിന്‍റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വ്യത്യസ്ത വഴികളെ അംഗീകരിക്കുന്നതിന് മനസിനെ പാകപ്പെടുത്താൻ നായകസ്ഥാനം സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു പറയുന്നു. ടീമിലെ സഹതാരമായ വെസ്റ്റിൻഡീസ് ബാറ്റർ ഷിംറോൺ ഹെറ്റ്മെയറിന്റെ തികച്ചും അപരിചിതമായ ദിനചര്യയും സഞ്ജു ഉദാഹരണമായി എടുത്തുകാട്ടി. ഹെറ്റ്മെയറിന്റെ ചില രീതികൾ തീർത്തും വിചിത്രമാണെന്ന് ഇന്ത്യയുടെ മുൻതാരം ആർ. അശ്വിന്‍റെ ‘കുട്ടി സ്റ്റോറീസ് വിത്ത് ആഷ്’ എന്ന ഷോയിൽ സഞ്ജു പറയുന്നു.

‘‘എന്റെ കാഴ്ചപ്പാടുകൾ വികസിക്കാനും വ്യത്യസ്ത വഴികളെ അംഗീകരിക്കുന്നതിന് മനസിനെ പാകപ്പെടുത്താനും നായകസ്ഥാനം സഹായിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ വിജയിക്കുന്നതിന് കൃത്യമായ ഒരു വഴിയില്ല. മുന്നോട്ടു പോകാൻ ഒറ്റ വഴി മാത്രമേ ഉള്ളൂവെന്നും ഞാൻ വിശ്വസിക്കുന്നില്ല. ടീമിലുള്ള താരങ്ങൾ വ്യത്യസ്തത പരീക്ഷിക്കുമ്പോൾ, അതിനെ ചോദ്യം ചെയ്യുന്നതിനേക്കാൾ പിന്തുണ നൽകാനാണ് ക്യാപ്റ്റനെന്ന നിലയിൽ എനിക്കു താൽപര്യം.

ഷിംറോൺ ഹെറ്റ്മെയറിന്റെ കാര്യം എടുക്കൂ. രാത്രി എട്ടിനാണ് മത്സരമെങ്കിൽ, അദ്ദേഹം വൈകിട്ട് അഞ്ചിന് മാത്രമേ ഉറക്കമുണരൂ. ടീം മീറ്റിങ്ങിൽ ഉൾപ്പെടെ ഉറക്കം തൂങ്ങിയിരിക്കുന്ന ഹെറ്റ്മെയറിനെ കാണാം. പക്ഷേ കളത്തിലിറങ്ങിയാൽ ടീം ഏതു പ്രതിസന്ധി ഘട്ടത്തിലാണെങ്കിലും നിർണായക സ്കോർ കണ്ടെത്താനും ടീമിനെ വിജയിപ്പിക്കാനും അദ്ദേഹത്തിനു കഴിയും. ഇങ്ങനെയും കളിക്കാനാകുമെന്ന് മനസിലായില്ലേ.” -സഞ്ജു പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയിൽ സ്വീകരിച്ച ഏത് തീരുമാനമാണ് മാറ്റണമെന്ന് ആഗ്രഹിച്ചതെന്ന ചോദ്യത്തിനും രസകരമായ മറുപടിയാണ് സഞ്ജു നൽകിയത്. ''മെഗാ ലേലത്തിൽ അശ്വിനെ നിലനിർത്താതിരുന്നത് മോശം തീരുമാനമായിപ്പോയി" എന്ന് ചിരിച്ചുകൊണ്ട് സഞ്ജു പറഞ്ഞു. 2022 മുതൽ 24 വരെ രാജസ്ഥാൻ റോയൽസിനായി കളത്തിലിറങ്ങിയ അശ്വിനെ ഇക്കഴിഞ്ഞ മെഗാലേലത്തിൽ ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. ചെന്നൈ സൂപ്പർ കിങ്സിലെത്തിയ അശ്വിന് പക്ഷേ സീസണിൽ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.

Related Stories

No stories found.
Times Kerala
timeskerala.com