

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മാത്യു ഷോർട്ടിനെ പുറത്താക്കാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മൻ ഗിൽ. തുടർച്ചയായി രണ്ടു മത്സരങ്ങൾ തോറ്റ ഇന്ത്യയ്ക്ക് ഈ കളി ജയിച്ചേ തീരു. ഈ മത്സരത്തിലാണ് ക്യാപ്റ്റന്റെ ഭാഗത്തുനിന്നുള്ള പിഴവ്. പേസർമാരായ ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ ഇന്ത്യയ്ക്കു ഭേദപ്പെട്ട തുടക്കമാണു നൽകിയത്. മുഹമ്മദ് സിറാജിന്റെ പത്താം ഓവറിൽ 29 റൺസെടുത്ത ട്രാവിസ് ഹെഡിനെ പ്രസിദ്ധ് കൃഷ്ണ ക്യാച്ചെടുത്തു പുറത്താക്കുകയും ചെയ്തു.
ഇതിനു പിന്നാലെയായിരുന്നു റൺ ഔട്ട് അവസരം ഗിൽ പാഴാക്കിയത്. ഓടുന്നതിനിടെ മിച്ചൽ മാര്‍ഷും മാത്യു ഷോർട്ടും തമ്മിലുണ്ടായ ആശയക്കുഴപ്പം മുതലെടുക്കാൻ ഇന്ത്യയ്ക്കു സാധിച്ചില്ല. പന്തു ലഭിച്ച ഗിൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് എറിഞ്ഞെങ്കിലും വിക്കറ്റിൽ കൊള്ളാതെ പോകുകയായിരുന്നു. ഈ സമയത്ത് മാത്യു ഷോർട്ട് ക്രീസിലെത്തിയിരുന്നില്ല. വിക്കറ്റിനു സമീപത്തുനിന്ന് പന്തു പിടിച്ചെടുക്കാൻ ഇന്ത്യൻ ഫീൽഡർമാർ ആരും ഇല്ലാതെപോയതോടെ ഇന്ത്യയുടെ ആ അവസരവും നഷ്ടമായി. ഗില്ലിന് ആവശ്യത്തിലേറെ സമയം ലഭിച്ചെങ്കിലും ഉപയോഗിക്കാൻ സാധിച്ചില്ലെന്ന് മത്സരത്തിന്റെ കമന്റേറ്ററായ രവി ശാസ്ത്രി പ്രതികരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പക്ഷേ മാത്യു ഷോർട്ടിന് അധിക നേരം ബാറ്റിങ് തുടരാൻ സാധിച്ചില്ല. 41 പന്തിൽ 30 റൺസടിച്ച താരത്തെ വാഷിങ്ടൻ സുന്ദറിന്റെ പന്തിൽ വിരാട് കോലി പിടിച്ചെടുത്തു പുറത്താക്കി. മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.