ഐപിഎൽ 18–ാം സീസണിൽ 10–ാം സ്ഥാനക്കാരായി പുറത്തായതിനു പിന്നാലെ, സ്പിന്നർ രവിചന്ദ്രൻ അശ്വിനോട്, 'ചെന്നൈ സൂപ്പർ കിങ്സിൽനിന്ന് പോയിത്തരാമോ?' എന്ന ചോദ്യവുമായി ആരാധകൻ. യുട്യൂബ് ചാനലിലെ ലൈവ് സെഷനിടെയാണ് ഒരു ആരാധകൻ അശ്വിനു മുന്നിൽ ചോദ്യവുമായി എത്തിയത്. മെഗാ താരലേലത്തിൽ 9.75 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് അശ്വിനെ സ്വന്തമാക്കിയത്. ഒൻപതു മത്സരങ്ങളിൽ നിന്ന് ആകെ 7 വിക്കറ്റ് മാത്രം നേടിയ അശ്വിൻ ബാറ്റിങ്ങിൽ 33 റൺസ് മാത്രമാണ് നേടിയത്.
യുട്യൂബ് ചാനലിലെ ലൈവ് സെഷനിടെയാണ്, ‘ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് പോയിത്തരാമോ’ എന്ന ഒരു ആരാധകന്റെ ചോദ്യം അശ്വിനെ തേടിയെത്തിയത്. ലൈവിനിടെ കമന്റായി വരുന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്ന അശ്വിൻ, ഈ കമന്റിനും മറുപടി നൽകി. ഈ സീസണിൽ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് അംഗീകരിച്ച അശ്വിൻ, ചോദ്യകർത്താവിനേക്കാളേറെ താനും ചെന്നൈ സൂപ്പർ കിങ്സിനെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു.
‘‘ഈ ചോദ്യം ഉന്നയിച്ചയാൾക്ക് ചെന്നൈ സൂപ്പർ കിങ്സിനോടുള്ള സ്നേഹം ഞാൻ മനസ്സിലാക്കുന്നു. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. നമ്മൾ എന്തു ചെയ്താലും ഏറ്റവും താൽപര്യത്തോടെയാണ് അതു ചെയ്യുന്നതെന്ന് ഉറപ്പാക്കാനാകാണം. താങ്കളുടെ ചോദ്യത്തിനു പിന്നിലെ വികാരം ഞാൻ മാനിക്കുന്നു. താങ്കൾക്കുള്ള അതേ സ്നേഹം എനിക്കും ചെന്നൈയോട് ഉണ്ടെന്ന കാര്യം മറക്കരുത്." – അശ്വിൻ പറഞ്ഞു.
‘‘ഈ സീസണിൽ ഞാൻ മനഃപൂർവം പ്രകടനം മോശമാക്കിയതാണെന്ന തരത്തിൽ ചിന്തിക്കരുത്. എല്ലാക്കാര്യങ്ങളും എനിക്കു നിയന്ത്രിക്കാനാകില്ലല്ലോ. എനിക്ക് ബോൾ തരുന്ന സമയത്ത് ഞാൻ ബോൾ ചെയ്യുന്നു, ബാറ്റിങ്ങിന് ഇറങ്ങാൻ പറയുമ്പോൾ ബാറ്റു ചെയ്യാനെത്തുന്നു. രണ്ടു മേഖലയിലും ഞാൻ ഒരുപാടു കഠിനാധ്വാനം ചെയ്തിരുന്നു. പക്ഷേ ചില മേഖലകളിൽ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. അതും എനിക്ക് ബോധ്യമുണ്ട്." - അശ്വിൻ കൂട്ടിച്ചേർത്തു.
‘‘പവർപ്ലേ ഓവറുകളിൽ ഞാൻ കുറച്ചധികം റൺസ് വഴങ്ങി എന്നത് വാസ്തവമാണ്. പവർപ്ലേയിൽ ബോൾ ചെയ്യുന്നതിന് അടുത്ത സീസണിനു മുന്നോടിയായി ഞാൻ കുറച്ചുകൂടി സാധ്യതകൾ തേടേണ്ടതുണ്ട്. അത് ഞാൻ ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്കു ചെയ്യാവുന്നത് അതാണ്." – അശ്വിൻ ചൂണ്ടിക്കാട്ടി.
ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകരേക്കാൾ അധികം താൻ ടീമിനെ സ്നേഹിക്കുന്നുണ്ടെന്നും ഇതിനു മുൻപ് ഐപിഎൽ താരമെന്ന നിലയിൽ താൻ ഇത്രയും നിരാശപ്പെട്ട സീസൺ ഉണ്ടായിട്ടില്ലെന്നും അശ്വിൻ പറഞ്ഞു.
‘‘ഈ ടീമിന്റെ കാര്യത്തിൽ ഏറ്റവും പ്രതീക്ഷയുള്ള ആളാണ് ഞാൻ. നിങ്ങൾ എല്ലാവരേക്കാളും ഞാൻ ഈ ടീമിനെ സ്നേഹിക്കുന്നുമുണ്ട്. 2009 ലും 2010 ലും ഞാൻ ടീമിലുണ്ടായിരുന്നു. ഏതാണ്ട് ഏഴു വർഷത്തോളം കളിച്ചു. മുൻപ് ചെന്നൈയിൽ കളിച്ചിരുന്ന കാലത്ത് പ്ലേഓഫിലും കടന്നിട്ടുണ്ട്, കിരീടവും നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സീസണിൽ സംഭവിച്ച വീഴ്ചയിൽ എനിക്ക് അതിയായ വിഷമമുണ്ട്. ഭാവിയിലേക്ക് ഇനി എന്തു ചെയ്യാനാകും എന്നാണ് ഞാൻ ചിന്തിക്കുന്നത്. എന്റെ ലക്ഷ്യവും അതുതന്നെ." – അശ്വിൻ വ്യക്തമാക്കി.