
സൂപ്പർ ലീഗ് കേരളയുടെ പുതിയ പ്രമോ വിഡിയോ വൈറലാകുന്നു. പൃഥ്വിരാജ് സുകുമാരനും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സംഭാഷണമാണ് വിഡിയോയിൽ. ‘പാൻ ഇന്ത്യൻ’ രീതിയിൽ പൃഥ്വിയെ ട്രോളുന്ന ചാക്കോച്ചനെ വീഡിയോയിൽ കാണാം.
മുംബൈയിൽ കരൺ ജോഹറിന്റെ വീട് എവിടെയാണെന്ന ചാക്കോച്ചന്റെ ചോദ്യത്തോടെയാണ് പ്രമോ ആരംഭിക്കുന്നത്. തുടർന്ന് 'ലോകേഷ് കനകരാജിന്റെ നമ്പർ തരുമോ?' എന്നും ഇല്ലെങ്കിൽ, 'പ്രഭാസിന്റെ പുതിയ ഇമെയിൽ ഐഡി തന്നാൽ മതി' എന്നും ചാക്കോച്ചൻ പറയുന്നു. 'യൂത്ത് ഐക്കൺ കുഞ്ചാക്കോ ബോബൻ എന്നെ ഊതിയതാണെല്ലേ?' എന്നാണ് പൃഥ്വിരാജ് തിരിച്ചു ചോദിക്കുന്നത്. പൃഥ്വിരാജും ബേസിൽ ജോസഫും തമ്മിലുള്ള പ്രമോ വിഡിയോയ്ക്കുശേഷം ആരാധകരെ ഏറെ ചിരിപ്പിക്കുന്ന മറ്റൊരു പ്രമോ കൂടിയാണിത്.
സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് ഒക്ടോബർ 17 ന് തുടക്കമാകും. വെള്ളിയാഴ്ച തിരുവനന്തപുരം കൊമ്പൻസ് എഫ്സി തൃശൂർ മാജിക് എഫ്സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്. ഒക്ടോബർ 19 നാണ് അടുത്ത മത്സരം. മലപ്പുറം എഫ്സിയും കാലിക്കറ്റ് എഫ്സിയും തമ്മിലാണ് മത്സരം. മൂന്നാം മത്സരത്തിൽ ഫോഴ്സ കൊച്ചി കണ്ണൂർ വാരിയേഴ്സിനെ നേരിടും.
നിലവിലുള്ള ആറ് ടീമുകളുടെ ഉടമകളിൽ മലയാള സിനിമയിലെ പ്രമുഖരായ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവരും ഉൾപ്പെടുന്നു. ഫോഴ്സ കൊച്ചി എന്ന ടീമിന്റെ ഉടമയാണ് പൃഥ്വിരാജ് സുകുമാരൻ.
സൂപ്പർ ലീഗ് കേരളയുടെ മറ്റൊരു പ്രധാന ടീമായ കാലിക്കറ്റ് എഫ് സിയുടെ ബ്രാൻഡ് അംബാസഡർ ബേസിൽ ജോസഫാണ്. തൃശൂരിന് വേണ്ടി കുഞ്ചാക്കോ ബോബനും കണ്ണൂർ വാരിയേഴ്സിനായി ആസിഫ് അലിയും ഇറങ്ങുന്നു. ആദ്യ സീസണിൽ കാലിക്കറ്റ് എഫ്‌സി ആയിരുന്നു ചാമ്പ്യന്മാർ.