സെഞ്ചറിക്കു പിന്നാലെ കാംബെൽ പുറത്ത്; നാലാം വിക്കറ്റിലും പൊരുതി വിൻഡീസ്, മത്സരം നാലാം ദിനത്തിലേക്ക് | Cricket Test

പരമ്പരയിൽ ആദ്യമായാണ് വിൻഡീസ് സഖ്യം 100 റൺസിനു മുകളിൽ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്
Campbell
Published on

രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസിന്റെ ‘പ്രതിരോധകോട്ട’ പൊളിച്ച് ഇന്ത്യ. സെഞ്ചറി നേടിയ ജോൺ കാംബെലിനെ (115) പുറത്താക്കി രവീന്ദ്ര ജ‍ഡേജയാണ് ഇന്ത്യയ്ക്കു ബ്രേക്ക് ത്രൂ നൽകിയത്. മൂന്നാം വിക്കറ്റിൽ ജോൺ കാംബെൽ– ഷായ് ഹോപ് സഖ്യം ചേർന്ന് 177 റൺസാണ് കൂട്ടിച്ചേർത്തത്. പരമ്പരയിൽ ഇതാദ്യമായാണ് ഒരു വിൻഡീസ് ജോടി 100 റൺസിനു മുകളിൽ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.

നാലാം ദിനം, ആദ്യ സെഷൻ പൂർത്തിയായപ്പോൾ 3ന് 252 റൺസെന്ന നിലയിലാണ് വെസ്റ്റിൻഡീസ്. ആദ്യ ഇന്നിങ്സിൽ 248 റൺസിന് ഓൾഔട്ടായി ഫോളോ ഓൺ വഴങ്ങിയ സന്ദർശകർക്ക് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇനി 18 റൺസ് കൂടി മതി. ഷായ് ഹോപ് (92*) , ക്യാപ്റ്റൻ റോസ്ടൻ ചേസ് (23*) എന്നിവരാണ് ക്രീസിൽ. വെസ്റ്റിൻഡീസിന്റെ ഇനിയുള്ള വിക്കറ്റുകൾ എത്രയും വേഗം വീഴ്ത്തി നാലാം ദിനം തന്നെ കളി അവസാനിപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം.

മൂന്നാം ദിവസത്തെ അവസാന സെഷനിൽ വിക്കറ്റ് നഷ്ടപ്പെടാതെ 207 പന്തിൽ 138 റൺസ് കൂട്ടിച്ചേർത്ത ജോൺ കാംബെൽ– ഷായ് ഹോപ് സഖ്യമാണ് രണ്ടാം ഇന്നിങ്സിൽ 2ന് 173 എന്ന നിലയിൽ മൂന്നാം ദിനം അവസാനിപ്പിക്കാൻ വിൻഡീസിനെ സഹായിച്ചത്. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ വിൻഡീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ ടാഗ്‌നരെയ്ൻ ചന്ദ്രപോളിനെ (10) നഷ്ടമായി. സ്കോർ 35ൽ നിൽക്കെ അലിക് അതനാസെയെ (7) വാഷിങ്ടൻ സുന്ദർ ക്ലീൻ ബോൾഡാക്കിയതോടെ 2ന് 35 എന്ന നിലയിലാണ് സന്ദർശകർ രണ്ടാം സെഷൻ അവസാനിപ്പിച്ചത്. ഇതോടെ മത്സരം നാലാം ദിവസത്തിലേക്ക് കടക്കില്ലെന്ന് കരുതിയെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച കാംബെൽ– ഹോപ് സഖ്യം ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

സ്പിന്നർമാരെ കടന്നാക്രമിച്ചും പേസർമാരെ കരുതലോടെ നേരിട്ടും റൺസ് കണ്ടെത്തിയ സഖ്യം പരമ്പരയിൽ ആദ്യമായി ഒരു സെഷൻ വിൻഡീസിന്റെ പേരിൽ എഴുതിച്ചേർത്തു. ഇരുവരും ക്രീസിൽ നിലയുറപ്പിച്ചതോടെ മത്സരം നാലാം ദിവസത്തിലേക്ക് നീട്ടിയെടുക്കാൻ വിൻഡീസിന് സാധിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com