
കാഫ നേഷൻസ് കപ്പ് ഫുട്ബോളിൽ ഫിഫ റാങ്കിങ്ങിൽ 133–ാം സ്ഥാനക്കാരായ ഇന്ത്യ 20–ാം റാങ്കുകാരായ ഇറാനെ ഇന്ന് നേരിടും. ഇന്നു വൈകിട്ട് 5.30 നാണ് മത്സരം. പുതിയ കോച്ച് ഖാലിദ് ജമീലിന്റെ കീഴിൽ ആദ്യകളി ജയിച്ചു തുടങ്ങിയ ഇന്ത്യൻ ടീമിന്റെ പ്രകടനനിലവാരം അളക്കാൻ ഇന്നത്തെ മത്സരം വഴിയൊരുക്കും. പുതിയ പരിശീലകനു കീഴിൽ പുതിയ രൂപവും ഭാവവും കൈവരിച്ച ഇന്ത്യയുടെ പ്രകടനമറിയാൻ ആരാധകരും ആകാംക്ഷയിലാണ്.
ഏഷ്യൻ ഫുട്ബോൾ റാങ്കിങ്ങിൽ 2–ാം സ്ഥാനക്കാരാണ് ഇറാൻ. കാഫ നേഷൻസ് കപ്പിലെ ടോപ് റാങ്ക് ടീമും ഇറാനാണ്. 3 തവണ ഏഷ്യൻ കപ്പ് കിരീടം നേടിയിട്ടുള്ള ഇറാൻ അടുത്ത വർഷത്തേത് ഉൾപ്പെടെ 7 ലോകകപ്പുകൾക്കു യോഗ്യത നേടിയവരാണ്. അച്ചടക്കമുള്ള പ്രതിരോധവും ഇൻജറി ടൈം വരെ കെടാത്ത പോരാട്ടവീര്യവുമാണ് പരമ്പരാഗതമായി ഇറാൻ ഫുട്ബോൾ ടീമിന്റെ മികവായി വിലയിരുത്തപ്പെടുന്നത്.
ഇത്തരം ഗുണങ്ങളുള്ള ഒരു ടീമിനെതിരെ കളിക്കുന്നത് ഇന്ത്യൻ ടീമിന്റെ പ്രകടനനിലവാരം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിരീക്ഷകർ. കാഫ കപ്പിൽ ആദ്യമത്സരത്തിൽ ഇറാൻ 3–1ന് അഫ്ഗാനിസ്ഥാനെ തോൽപിച്ചിരുന്നു.