
തജിക്കിസ്ഥാൻ: ഇന്ത്യൻ യുവനിര ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. കാഫ നേഷൻസ് കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ബിയിലെ 3–ാം മത്സരത്തിനു കിക്കോഫ് വൈകിട്ട് 5.30ന്. ഫാൻകോഡിൽ ലൈവ് സ്ട്രീമിങ്ങുണ്ട്.
ആദ്യ മത്സരത്തിൽ തജിക്കിസ്ഥാനെ 2–1നു തോൽപിച്ച ഇന്ത്യ രണ്ടാമത്തെ കളിയിൽ കരുത്തരായ ഇറാനോട് 3–0 തോൽവി വഴങ്ങിയിരുന്നു. 4 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഇന്നു ജയിച്ചാൽ ആ സ്ഥാനം നിലനിർത്താം. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ അഫ്ഗാനിസ്ഥാന് ഇന്നു ജീവന്മരണപ്പോരാട്ടമാണ്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർക്ക് 3–ാം സ്ഥാന മത്സരം കളിക്കാമെന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ. ഫിഫ റാങ്കിങ്ങിൽ 133–ാം സ്ഥാനത്താന് ഇന്ത്യ. അഫ്ഗാനിസ്ഥാൻ 161–ാം സ്ഥാനത്തും.
പുതിയ കോച്ച് ഖാലിദ് ജമീലിനു കീഴിൽ കഴിഞ്ഞ 2 മത്സരങ്ങളിലും അച്ചടക്കമുള്ള പ്രകടനമാണ് ഇന്ത്യ നടത്തിയത്. പരുക്കേറ്റ ഡിഫൻഡർ സന്ദേശ് ജിങ്കാന്റെ അഭാവം പ്രതിരോധത്തിൽ ഇന്ത്യയ്ക്കു തിരിച്ചടിയാകും. 2024ൽ ഗുവാഹത്തിയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും നേർക്കുനേർ വന്നത്. ആ കളി അഫ്ഗാൻ 2–1നു ജയിച്ചിരുന്നു.