
ഓവൽ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ജസ്പ്രീത് ബുംറ കളിച്ചേക്കില്ല. താരത്തിന്റെ ഫിറ്റ്‌നസ് കണക്കിലെടുത്താണ് ബിസിസിഐ മെഡിക്കൽ ടീമിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ബുംറയുമായി ആശയവിനിമയം നടത്തി. വ്യാഴാഴ്ച ഓവലിലാണ് ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ പരമ്പരയിലെ അവസാന മത്സരം. നിലവിൽ 2-1ന് പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലാണ്. ജയിച്ചാൽ സീരിസ് സമനിലയിലെത്തിക്കാൻ ഇന്ത്യക്കാകും.
തുടരെ പരുക്ക് മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യൻ പേസറെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ ഇറക്കിയാൽ മതിയെന്ന് നേരത്തെ മെഡിക്കൽ ടീം തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ വിശ്രമം അനുവദിക്കുകയായിരുന്നു. ഓൾഡ് ട്രഫോർഡിൽ നടന്ന നാലാം ടെസ്റ്റിൽ കളത്തിലിറങ്ങിയ ബുംറയ്ക്ക് രണ്ട് വിക്കറ്റാണ് നേടാനായത്. നിലവിൽ ഇതുവരെ 14 വിക്കറ്റാണ് ഇന്ത്യൻ പേസർ സ്വന്തമാക്കിയത്.