ലണ്ടന്‍: ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ അംപയറുമായി ഉടക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്. ലീഡ്സിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ മണിക്കൂറുകളിലാണ് സംഭവം. മത്സരത്തില്‍ ഇംഗ്ലണ്ടിന് ഇന്ന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഒല്ലി പോപ് (106), ബെന്‍ സ്റ്റോക്സ് (20) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇംഗ്ലണ്ടിന് നഷ്ടമായത്. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരാണ് വിക്കറ്റ് നേടിയത്.
മത്സരത്തിന് ഉപയോഗിക്കുന്ന പന്ത് മാറ്റണമെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര അംപയറോട് ആവശ്യപ്പെട്ടു. എന്നാല്‍, അംപയര്‍ പരിശോധനയ്ക്ക് ശേഷം ആ പന്തില്‍ തന്നെ മത്സരം തുടരാന്‍ പറഞ്ഞു. ഇന്ത്യന്‍ താരം റിഷഭിന് അംപയറുടെ നടപടി അത്ര രസിച്ചില്ല. നീരസം പ്രകടമാക്കിയ റിഷഭ്, പന്ത് വലിച്ചെറിയുകയായിരുന്നു. അംപയറോടുള്ള വിയോജിപ്പ് പ്രകടമാക്കിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പന്ത് വലിച്ചെറിഞ്ഞത്.