
ഇന്ത്യൻ ടീമിൽ പുതുതായി ഏർപ്പെടുത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ ഇന്ന് രോഹിത് ശർമ്മയ്ക്ക് അഗ്നിപരീക്ഷ. ബെംഗളൂരുവിലെ സെൻ്റർ ഓഫ് എക്സലൻസിൽ വച്ച് നടക്കുന്ന ബ്രോങ്കോ ടെസ്റ്റിൽ രോഹിതിനൊപ്പം ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, യശസ്വി ജയ്സ്വാൾ, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ തുടങ്ങിയവരും ഉൾപ്പെട്ടിട്ടുണ്ട്. ടെസ്റ്റിൽ പരാജയപ്പെട്ടാൽ രോഹിത് ശർമ്മയുടെ കരിയർ ഇതോടെ അവസാനിച്ചേക്കും.
വളരെ കാഠിന്യമേറിയ ഫിറ്റ്നസ് ടെസ്റ്റാണ് ബ്രോങ്കോ ടെസ്റ്റ്. റഗ്ബി ഫിറ്റ്നസ് ടെസ്റ്റിന് സമാനമാണിത്. 1200 മീറ്റർ ദൂരം ആറ് മിനിട്ടിൽ താഴെ പൂർത്തിയാക്കിയാലേ ടെസ്റ്റ് പാസാകൂ. ഫാസ്റ്റ് ബൗളർമാരുടെ ഫിറ്റ്നസ് വർധിപ്പിക്കാനാണ് പ്രധാനമായും ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നത്. രോഹിത് ശർമ്മയെ ടീമിൽ നിന്ന് പുറത്താക്കാനാണ് ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ചതെന്ന് മുൻ താരം മനോജ് തിവാരി ആരോപിച്ചിരുന്നു.
ടെസ്റ്റിൽ വിരാട് കോലി ഉൾപ്പെട്ടിട്ടുണ്ടോ എന്നതും വ്യക്തമല്ല. ടെസ്റ്റ് കരിയർ അവസാനിപ്പിച്ചതിന് ശേഷം ആദ്യമായാണ് രോഹിത് ഫിറ്റ്നസ് ടെസ്റ്റിന് വിധേയനാകുന്നത്. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച രോഹിതും കോലിയും നിലവിൽ ഏകദിനങ്ങളിൽ മാത്രമാണ് കളിക്കുന്നത്. 38 വയസുകാരനായ രോഹിതും 36 വയസുകാരനായ കോലിയും 2027 ഏകദിന ലോകകപ്പിന് ശേഷം വിരമിക്കാനുള്ള തീരുമാനത്തിലാണ്. എന്നാൽ, ഈ ഫിറ്റ്നസ് ടെസ്റ്റ് പാസായില്ലെങ്കിൽ രണ്ട് പേരുടെയും കരിയർ അവസാനിക്കും.