
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കു വേണ്ടി ബിസിസിഐ സംഘടിപ്പിച്ച ബ്രോങ്കോ ടെസ്റ്റിൽ പങ്കെടുക്കാൻ വിരാട് കോലി ഇന്ത്യയിലെത്തിയില്ല. വിരാടിന്റെ അഭ്യർഥന പ്രകാരം ലണ്ടനിൽവച്ചുതന്നെ ‘ബ്രോങ്കോ ടെസ്റ്റ്’ നടത്താൻ ബിസിസിഐ അനുമതി നൽകുകയായിരുന്നു. യുകെയിൽ നടത്തിയ ടെസ്റ്റിൽ വിരാട് കോലി പാസായതായാണ് വിവരം.
ഇന്ത്യയുടെ ഏകദിന ടീം ക്യാപ്റ്റൻ രോഹിത് ശർമ, സൂപ്പര്‍ താരങ്ങളായ സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ എന്നിവർക്കെല്ലാം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വച്ചായിരുന്നു ടെസ്റ്റ് നടത്തിയത്. എന്നാല്‍ വിരാട് കോലിയുടെ കാര്യത്തില്‍ ഇന്ത്യൻ ടീം മാനേജ്മെന്റ് ഇളവ് നൽകുകയായിരുന്നു.
ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയത്തിനു തൊട്ടുപിന്നാലെയാണ് വിരാട് കോലി യുകെയിലേക്കു പോയത്. ബെംഗളൂരുവിലെ ആഘോഷ പരിപാടികൾ നടന്ന ദിവസം രാത്രി തന്നെ കോലി രാജ്യം വിട്ടു. പിന്നീട് കോലിയും കുടുംബവും ഇന്ത്യയിലേക്കു തിരിച്ചുവന്നിട്ടില്ല.
ട്വന്റി20, ടെസ്റ്റ് ടീമുകളിൽനിന്നു വിരമിച്ച കോലി, ഇന്ത്യയ്ക്കു വേണ്ടി ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇനി കളിക്കുക. ഓസ്ട്രേലിയയ്ക്കെതിരെ അടുത്ത മാസം നടക്കുന്ന ഏകദിന പരമ്പരയിൽ കോലിയും രോഹിത് ശർമയും കളിച്ചേക്കുമെന്നാണ് വിവരം.