മുംബൈ: ഇന്ത്യക്ക് കന്നി വനിതാ ലോകകപ്പ് കിരീടം നേടിക്കൊടുത്ത് ഓൾറൗണ്ടർ ദീപ്തി ശർമ്മ ഇന്ത്യൻ കായിക ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷം രാജ്യത്തിന് സമ്മാനിച്ചു. ഇന്ത്യൻ വനിതകൾ നേടുന്ന പ്രഥമ ഐസിസി കിരീടമാണിത്. ടൂർണമെൻ്റിലുടനീളം ദീപ്തി കാഴ്ചവെച്ച തകർപ്പൻ പ്രകടനമാണ് ഈ ലോകകപ്പ് നേട്ടത്തിന് പിന്നിലെ പ്രധാന ശക്തി.(Bright as a lamp, Deepti Sharma's magical performance!)
ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 298 എന്ന വലിയ വിജയലക്ഷ്യം വെക്കുന്നതിൽ ദീപ്തിയുടെയും ഷഫാലി വർമ്മയുടെയും സമ്മർദ്ദമില്ലാത്ത ഇന്നിംഗ്‌സുകൾ നിർണ്ണായകമായി. ഫൈനലിൽ 58 പന്തുകൾ നേരിട്ട് 58 റൺസ് നേടി.
9.3 ഓവറിൽ വെറും 39 റൺസ് മാത്രം വിട്ടുനൽകി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ടിൻ്റേത് (101) അടക്കമുള്ള നിർണ്ണായക വിക്കറ്റുകൾ ദീപ്തിയാണ് വീഴ്ത്തിയത്.
ഓൾറൗണ്ടറായി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ദീപ്തി ശർമ്മയ്ക്ക് ടൂർണമെൻ്റിലെ ഏറ്റവും മികച്ച താരത്തിനുള്ള 'പ്ലെയർ ഓഫ് ദി ടൂർണമെൻ്റ്' പട്ടം ലഭിച്ചു. 2025-ലെ ലോകകപ്പ് ദീപ്തിയുടെ വ്യക്തിപരമായ മികവ് അടയാളപ്പെടുത്തിയ ടൂർണമെൻ്റ് കൂടിയാണ്. ലോകകപ്പിൽ 215 റൺസും 22 വിക്കറ്റുകളുമാണ് ദീപ്തിയുടെ സമ്പാദ്യം. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറും ദീപ്തിയാണ്.
ഒരു ഐസിസി വനിതാ ലോകകപ്പിൽ 200-ൽ അധികം റൺസും 15-ൽ അധികം വിക്കറ്റുകളും നേടുന്ന ആദ്യ ക്രിക്കറ്ററാണ് ദീപ്തി ശർമ്മ. ഒരു ഏകദിന നോക്കൗട്ട് മത്സരത്തിൽ (പുരുഷ-വനിതാ വിഭാഗങ്ങളിൽ) അർധ സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവും കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് ഈ ഇന്ത്യൻ ഓൾറൗണ്ടർ.
വനിതാ ലോകകപ്പ് ഫൈനലിൽ അഞ്ചുവിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ദീപ്തി. 2017 ഫൈനലിൽ ഇന്ത്യക്കെതിരേ 46 റൺസിന് ആറ് വിക്കറ്റ് നേടിയ ഇംഗ്ലണ്ടിന്റെ ആന്യ ഷ്രബ്‌സോളാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം. ഹോം വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ നാലിലധികം വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡും (അഞ്ചുതവണ) ദീപ്തി സ്വന്തമാക്കി.
ബാറ്റുകൊണ്ടും ബോളുകൊണ്ടും വിസ്മയം തീർത്ത ദീപ്തി ശർമ്മയുടെ ഈ ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യയുടെ കന്നി ലോകകപ്പ് സ്വപ്നം യാഥാർത്ഥ്യമാക്കിയത്.