
ഇന്ത്യ– വെസ്റ്റിൻഡീസ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി മുൻ വിൻഡീസ് താരങ്ങളായ ബ്രയാൻ ലാറയും വിവിയൻ റിച്ചഡ്സും. കഴിഞ്ഞ കുറച്ചുകാലമായി സാമ്പത്തികമായി ദയനീയ സ്ഥിതിയിൽ കടന്നുപോകുന്ന വെസ്റ്റിൻഡീസ് ക്രിക്കറ്റിനെ കരകയറ്റാൻ ലാറയും റിച്ചഡ്സും ഉൾപ്പെടെയുള്ള മുൻ താരങ്ങളുടെ സഹായം വിൻഡീസ് ക്രിക്കറ്റ് ബോർഡ് അഭ്യർഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി ധനസമാഹരണം ലക്ഷ്യമിട്ടാണ് ഇതിഹാസ താരങ്ങളുടെ സന്ദർശനം. ടീമിന്റെ മത്സരങ്ങൾ ഇവർ നേരിട്ടു കാണുകയും വിലയിരുത്തുകയും ചെയ്തു. മത്സരശേഷം ടീം ഡ്രസിങ് റൂമിലെത്തിയ ബ്രയൻ ലാറ ക്യാപ്റ്റൻ റോസ്ടൻ ചേസ്, കോച്ച് ഡാരൻ സമി എന്നിവരുമായി 20 മിനിറ്റോളം സംസാരിച്ച ശേഷമാണ് മടങ്ങിയത്.
‘‘മത്സരം അവസാനിച്ചതിന് ശേഷം ബ്രയാൻ ലാറ വെസ്റ്റിൻഡീസ് ഡ്രസിങ് റൂം സന്ദർശിച്ചു. കളിക്കാരെ എല്ലാവരെയും കണ്ടില്ല, പകരം പരിശീലകൻ ഡാരൻ സാമിയുമായും ക്യാപ്റ്റൻ റോസ്ടൻ ചേസുമായും കുറച്ച് കളിക്കാരുമായും അദ്ദേഹം പ്രത്യേകം സംസാരിച്ചു. അദ്ദേഹം ഏകദേശം 20 മിനിറ്റോളം അവിടെ ഉണ്ടായിരുന്നു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ അവസ്ഥയെക്കുറിച്ചും മുന്നോട്ടുള്ള വഴിയെക്കുറിച്ചും ചർച്ച ചെയ്തു.’’– വെസ്റ്റിൻഡീസ് ക്രിക്കറ്റുമായി ബന്ധപ്പെട്ട അടുത്തവൃത്തം പറഞ്ഞു.
കാര്യങ്ങൾ മെച്ചപ്പെടണമെങ്കിൽ, മൂലധനം ഉണ്ടായിരിക്കണമെന്ന് അടുത്തിടെ ഒരു സ്വകാര്യ അവാർഡ് ദാന ചടങ്ങിൽ ലാറ പറഞ്ഞിരുന്നു. സാമ്പത്തികം അത്യാവശ്യമാണെങ്കിലും കളിക്കാരുടെ ആഗ്രഹവും മനോഭാവവും പ്രധാനമാണെന്നും ലാറ പറഞ്ഞു. ക്രിക്കറ്റ് നിങ്ങളുടെ ഹൃദയത്തിലുണ്ടോയെന്നും വെസ്റ്റിൻഡീസിനായി കളിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടോയെന്നും ലാറ, ക്യാപ്റ്റൻ റോസ്ടൻ ചേസിനോടു ചോദിച്ചു. അങ്ങനെയെങ്കിൽ എല്ലാറ്റിനും ഒരു വഴി കണ്ടെത്താൻ സാധിക്കുമെന്നും ലാറ വ്യക്തമാക്കി.
‘‘30–40 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.വിവിയൻ റിച്ചഡ്സ് മികച്ച പരിശീലന പിച്ചുകളിലോ മറ്റെന്തെങ്കിലുമോ ബാറ്റ് ചെയ്തിട്ടില്ല. പക്ഷേ അഭിനിവേശം വ്യത്യസ്തമായിരുന്നു. വെസ്റ്റിൻഡീസിനായി കളിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ ഇത് ഒരു മികച്ച അവസരമാണെന്ന് യുവ കളിക്കാരോട് ഞാൻ പറയുന്നു. എനിക്ക് ഉറപ്പുണ്ട്, നിങ്ങളുടെ എല്ലാ മാതാപിതാക്കൾക്കും അവരുടെ മകൻ വെസ്റ്റിൻഡീസിനായി കളിക്കുന്നു എന്നത് വലിയ അഭിമാനമായിരിക്കും. കാരണം മുൻപും അത് അങ്ങനെയായിരുന്നു.’’– ലാറ പറഞ്ഞു.