
പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ കീപ്പറായി കളിച്ച താരമെന്ന റെക്കോർഡിൽ ഇംഗ്ലിഷ് ഇതിഹാസം പീറ്റർ ഷിൽട്ടനൊപ്പം എത്തി ബ്രസീൽ താരം ഫാബിയോ ഗൊലൈറോ. കരിയറിൽ 1390 മത്സരങ്ങളിലാണ് ഇരുവരും ഗോൾവല കാത്തത്. ബ്രസീലിയൻ സീരി എയിൽ ഫോർട്ടലീസ ക്ലബ്ബിനെതിരായ മത്സരത്തിൽ ഫ്ലുമിനൻസെയ്ക്കു വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങിയതോടെയാണ് നാൽപത്തിനാലുകാരൻ ഫാബിയോ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്.
മത്സരത്തിൽ ഫ്ലുമിനൻസെ 2–1ന് ജയിച്ചു. ബ്രസീലിയൻ ക്ലബ് ഊനിയോ ബാൻഡെറാന്റെയിലൂടെയായിരുന്നു 28 വർഷം പൂർത്തിയാകുന്ന ഫാബിയോയുടെ കരിയറിന്റെ തുടക്കം. പിന്നാലെ ബ്രസീലിയൻ ക്ലബ്ബുകളായ വാസ്കോ ഡ ഗാമ, ക്രുസൈറോ എന്നിവർക്കുവേണ്ടി ഗ്ലൗ അണിഞ്ഞ ശേഷമാണ് ഫ്ലുമിനൻസെയിൽ എത്തിയത്.