

സാവോ പോളോ: പരിശീലനത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ഓസ്‌കറിനെ (34) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് താരം. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച സാവോ പോളോയുടെ പരിശീലന കേന്ദ്രത്തിൽ പുതിയ സീസണിന് മുന്നോടിയായുള്ള ഫിസിക്കല്‍ ടെസ്റ്റിന് വിധേയനാകുന്നതിനിടെയാണ് താരം കുഴഞ്ഞുവീണത്. താരത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ നിലവിലെ ക്ലബായ സാവോ പോളോ സ്ഥിരീകരിച്ചു.
ഒരു ‘എക്‌സര്‍സൈസ് ബൈക്ക്’ ഉപയോഗിക്കുന്നതിനിടെ താരം കുഴഞ്ഞുവീഴുകയായിരുന്നു. രണ്ട് മിനിറ്റ് അബോധാവസ്ഥയിലായിരുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ ഓസ്‌കറിനെ ആശുപത്രിയിലെത്തിച്ചു. സാവോ പോളോയിലെ ഇസ്രയേലിറ്റയിലെ ഐൻസ്റ്റീൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് താരം ഇപ്പോൾ. ഓസ്‌കര്‍ ഇപ്പോള്‍ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
സാവോ പോളോയിൽ തന്റെ കരിയർ ആരംഭിച്ച താരം മൂന്ന് വര്‍ഷത്തെ കരാറില്‍ കഴിഞ്ഞ ഡിസംബറിലാണ് ക്ലബിലേക്ക് തിരികെയെത്തിയത്. 2008 മുതല്‍ 2010 വരെ സാവോപോളോ ക്ലബിനായി കളിച്ചു. സാവോപോളോ ക്ലബിലേക്ക് തിരികെയെത്തുന്നതിന് മുമ്പ് എട്ട് വര്‍ഷത്തോളം ചൈനീസ് ക്ലബായ ഷാങ്ഹായ് പോര്‍ട്ടിനായി കളിച്ചു. 2012 മുതല്‍ 2017 വരെ ചെല്‍സിയുടെ താരമായിരുന്നു. 2010 മുതല്‍ 2012 വരെ ബ്രസീലിയന്‍ ക്ലബാ ഇന്റര്‍നാഷണലിന് വേണ്ടി കളിച്ചു.