ചെന്നൈ: വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ചതിന് ശേഷം, വിജയത്തിൽ യേശുവിന് നന്ദി പറഞ്ഞ ഇന്ത്യൻ താരം ജമീമ റോഡ്രിഗസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. നേതാവും നടിയുമായ കസ്തൂരി. വിജയം ആഘോഷിക്കുന്ന വേളയിൽ ഒരു താരം ശിവനോ ഹനുമാനോ ആണ് തൻ്റെ ജയത്തിന് പിന്നിൽ എന്ന് പറഞ്ഞിട്ടുണ്ടോ എന്നും കസ്തൂരി ചോദ്യം ചെയ്തു.(BJP leader and actress Kasthuri slams Indian star Jemimah Rodrigues for her reaction after victory)
സമ്മാനദാനച്ചടങ്ങിന് ശേഷമായിരുന്നു ജമീമയുടെ പ്രതികരണം. ഇതിന് പിന്നാലെ കസ്തൂരി തൻ്റെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദമായത്. "യേശുവിന് പകരം 'ജയ് ശ്രീരാം' എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിൽ എന്താകുമായിരുന്നു? ഹിന്ദുക്കളുടെ വികാരപ്രകടനമാണെങ്കിൽ പ്രതികരണങ്ങൾ ഉണ്ടാകുമായിരുന്നു. താൻ കപട മതേതര വാദിയല്ല," കസ്തൂരി കുറിച്ചു. "ദൈവം ജമീമയെ അനുഗ്രഹിക്കട്ടെ," എന്ന് പറഞ്ഞാണ് കസ്തൂരി പോസ്റ്റ് അവസാനിപ്പിച്ചത്.
ഓസ്‌ട്രേലിയ ഉയർത്തിയ 339 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് തുണയായത് ജമീമയുടെ അപരാജിത പ്രകടനമാണ്. 134 പന്തിൽ നിന്ന് താരം 127 റൺസ് നേടി. മത്സരശേഷം 'കളിയിലെ താരമായി' തിരഞ്ഞെടുക്കപ്പെട്ട ജമീമയോട് സെഞ്ച്വറിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് വിശ്വാസത്തെക്കുറിച്ച് സംസാരിച്ചത്. മത്സരത്തിനൊടുവിൽ ശാരീരികമായി തളർന്നപ്പോൾ യേശു ഒപ്പം ഉണ്ടായിരുന്നെന്നും അങ്ങനെയാണ് ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞതെന്നും ജമീമ പറഞ്ഞു.
"ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ ഞാൻ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. എന്നാൽ ഇന്നിംഗ്‌സിനൊടുവിൽ തീർത്തും ക്ഷീണിതയായതോടെ ബൈബിളിലെ ആ വാചകങ്ങളായിരുന്നു ഞാൻ ഉരുവിട്ടത്. 'തളരാതെ പിടച്ചു നിൽക്കൂ, ദൈവം നിനക്കുവേണ്ടി പോരാടും' എന്ന വാചകം," ജമീമ പറഞ്ഞു.
ടൂർണമെന്റിലുടനീളം കടുത്ത ഉത്കണ്ഠയിലൂടെയാണ് കടന്നുപോയതെന്നും എല്ലാ ദിവസവും അമ്മയെ വിളിച്ച് കരയുമായിരുന്നുവെന്നും വിജയത്തിന് ശേഷം കരച്ചിലടക്കാനാവാതെ ജമീമ വെളിപ്പെടുത്തിയിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് ബി.ജെ.പി. നേതാവ് വിമർശനവുമായി രംഗത്തെത്തിയത്.