
ബ്രസീലിൻ ഫുട്ബോൾ ഇതിഹാസ താരം നെയ്‌മറിന് കോടികളുടെ സ്വത്ത് എഴുതിവച്ച് ശതകോടീശ്വരൻ. ഏകദേശം 10,077 കോടി രൂപ (846 ദശലക്ഷം പൗണ്ട്) ആണ് അടുത്തിടെ അന്തരിച്ച ബ്രസീലിയൻ ശതകോടീശ്വരൻ നെയ്‌മറുടെ പേരിൽ വിൽപത്രമെഴുതി വച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇദ്ദേഹം ആരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ബ്രസീലുകാരൻ ആണെങ്കിലും നെയ്മാറുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് ഈ ശതകോടീശ്വരൻ എന്നാണ് വിവരം. ഇദ്ദേഹത്തിന് ഭാര്യയും കുട്ടികളുമില്ലെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം, പോർട്ടോ അലെഗ്രെയിലെ ഓഫിസിലാണ് വിൽപത്രം തയാറാക്കിയത്. ജൂൺ 12 ന് രണ്ടു സാക്ഷികൾ ഇതിൽ ഒപ്പിടുകയും ചെയ്തു. വ്യക്തിപരമായി നെയ്‌മറുമായി അടുപ്പമില്ലെങ്കിലും, നെയ്മറിന്, അദ്ദേഹത്തിന്റെ പിതാവിനോടുള്ള സ്നേഹം ശതകോടീശ്വരനെ സ്പർശിച്ചെന്നും ഇതാണ് സ്വത്ത് എഴുതിവയ്ക്കാൻ കാരണമെന്നുമാണ് വിവരം. സ്വത്ത് എഴുതിവച്ചെങ്കിലും നിയമപരമായി ഇത് അനുഭവിക്കണമെങ്കിൽ കോടതി അനുമതി വേണ്ടി വരും. എന്നാൽ, വിഷയത്തിൽ നെയ്‌മർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസ് താരമായ നെയ്‌മർക്ക് അടുത്തിടെ പരുക്കേറ്റതായി ക്ലബ് അധികൃതർ അറിയിച്ചിരുന്നു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. 2026 ഫിഫ ലോകകപ്പിൽ ബ്രസീലിനുവേണ്ടി കളത്തിലിറങ്ങാനുള്ള ഒരുക്കത്തിലാണ് താരം.