കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

KCL
Published on

ക്രിക്കറ്റ് ആവേശത്തിൻ്റെ രണ്ടാം സീസൺ തുടങ്ങാൻ ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. കെസിഎൽ അടുത്തെത്തി നില്ക്കെ യുവാക്കൾക്കൊപ്പം കഠിനപ്രയത്നത്തിലാണ് ചില സീനിയർ താരങ്ങളും. കെ ജെ രാകേഷ്, അരുൺ പൌലോസ്, സി വി വിനോദ് കുമാർ , മനു കൃഷ്ണൻ എന്നിവർക്കൊപ്പം കേരളത്തിൻ്റെ രഞ്ജി ടീമംഗം കൂടിയായ മറുനാടൻ താരം ജലജ് സക്സേനയുമുണ്ട്. പ്രായം തളർത്താത്ത ആവേശവുമായി കെസിഎൽ രണ്ടാം സീസണ് തയ്യാറെടുക്കുകയാണ് ഇവരെല്ലാം.

ഈ സീസണിലെ ഏറ്റവും പ്രായം കൂടിയ താരം കെ ജെ രാകേഷ് ആണ്. 42കാരനായ രാകേഷിനിത് കെസിഎല്ലിലെ ആദ്യ സീസണാണ്. ഇടം കയ്യൻ ബാറ്ററും വലം കയ്യൻ ഓഫ് സ്പിന്നറുമായ രാകേഷ് 17 ഫസ്റ്റ്ക്ലാസ് മല്സരങ്ങൾ കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ സെഞ്ച്വറിയടക്കം 565 റൺസും 11 വിക്കറ്റുകളും നേടി. ലിസ്റ്റ് എ ക്രിക്കറ്റിലും തിളങ്ങിയിട്ടുള്ള രാകേഷ് സജീവ ക്രിക്കറ്റിൽ നിന്ന് പിന്മാറി പരിശീലകനും സെലക്ടറുമായി തുടരുമ്പോഴാണ് കെസിഎല്ലിൻ്റെ ആദ്യ സീസണെത്തുന്നത്. സെലക്ടറെന്ന രീതിയിലുള്ള ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ തവണ കളിക്കാനായില്ല. അത് പൂർത്തിയാക്കിയാണ് ഇത്തവണ രണ്ടാം സീസണ് കളിക്കാനിറങ്ങുന്നത്. 75000 രൂപയ്ക്കാണ് രാകേഷിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിലെടുത്തിരിക്കുന്നത്.

ആലുവ കടുങ്ങല്ലൂർ സ്വദേശിയായ അരുൺ പൌലോസ് വെടിക്കെട്ട് ബാറ്ററായാണ് കേരള ക്രിക്കറ്റിൽ അറിയപ്പെടുന്നത്. കഴിഞ്ഞ സീസണിൽ കൊല്ലം സെയിലേഴ്സിനായി ചില ശ്രദ്ധേയ ഇന്നിങ്സുകൾ കാഴ്ച വയ്ക്കുകയും ചെയ്തു. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ 24 പന്തുകളിൽ നേടിയ 44 റണ്‍സായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. ടീമിന് വേണ്ടി ആകെ 164 റൺസ് നേടിയ ബാറ്റിങ് മികവാണ് അരുണിന് ഇത്തവണയും കെസിഎല്ലിലേക്ക് വഴിതുറന്നത്. 39കാരനായ അരുണിനെ തൃശൂർ ടൈറ്റൻസ് 80000 രൂപയ്ക്കാണ് ടീമിലെടുത്തത്. ടൈറ്റൻസിനൊപ്പം തന്നെയുള്ള സി വി വിനോദ് കുമാറാണ് ഈ സീസണിലെ മറ്റൊരു പരിചയസമ്പന്നനായ താരം. 38കാരനായ വിനോദിനെ 6.20 ലക്ഷത്തിനാണ് തൃശൂർ സ്വന്തമാക്കിയത്. ക്ലബ്ബ് ക്രിക്കറ്റിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള വിനോദ്, രഞ്ജി ട്രോഫി അടക്കമുള്ള ടൂർണ്ണമെൻ്റുകളിൽ കേരളത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തിരുവനന്തപുരത്തിനായി ഇറങ്ങിയ വിനോദ് 13 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.കൊല്ലം സെയിലേഴ്സിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ പ്രകടനമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം.

കഴിഞ്ഞ സീസണിൽ കൊച്ചിയ്ക്കൊപ്പമായിരുന്ന മനു കൃഷ്ണൻ ഇത്തവണ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായാണ് കളിക്കാനിറങ്ങുക. 37കാരനായ മനുകൃഷ്ണൻ കഴിഞ്ഞ സീസണിലെ രണ്ടാമത്തെ വിലയേറിയ താരമായിരുന്നു. ഏഴ് ലക്ഷം രൂപയ്ക്കായിരുന്നു കൊച്ചി അന്ന് മനുവിനെ സ്വന്തമാക്കിയത്. 101 റൺസും നാല് വിക്കറ്റുമായിരുന്നു സമ്പാദ്യം. ഇടംകയ്യൻ ഫാസ്റ്റ് ബൌളറും ബാറ്ററുമായ മനു ഓൾറൌണ്ടറാണ്. കേരളത്തിനായി രഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിലും ഉജ്ജ്വല ബൌളിങ് കാഴ്ച വച്ചിട്ടുള്ള മനു രണ്ടാം സീസണിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ സീസണിൽ കളിക്കാതിരുന്ന ജലജ് സക്സേനയാണ് ലീഗിലെ മുതിർന്ന താരങ്ങളിൽ ഏറ്റവും ശ്രദ്ധേയൻ. 12.40 ലക്ഷത്തിലാണ് ജലജ് സക്സേനയെ ആലപ്പി റിപ്പിൾസ് സ്വന്തമാക്കിയിട്ടുള്ളത്.

ലീഗിലെ പല യുവതാരങ്ങളുടെയും പ്രായത്തേക്കാൾ ദൈർഘ്യമുള്ള ക്രിക്കറ്റ് കരിയർ സ്വന്തമായുള്ളവരാണ് ഇവരെല്ലാം. കയറ്റിറക്കങ്ങളും വിജയ പരാജയങ്ങളും ഒട്ടേറെ കണ്ടിട്ടുള്ള ക്രിക്കറ്റ് കരിയറുകൾ. പണത്തിനും പ്രശസ്തിക്കുമപ്പുറം ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശമാണ് ഇവരെ കെസിഎല്ലിലേക്ക് എത്തിച്ചത്. ഇവരുടെ അനുഭവ സമ്പത്തിൽ നിന്ന് പാഠമുൾക്കൊള്ളാനുള്ള അവസരമാണ് യുവതാരങ്ങളെ സംബന്ധിച്ച് മുന്നിലുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com