Cricket

അണ്ടർ-19 വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തെ 23 റൺസിന് തോല്പിച്ച് ബംഗാൾ

Published on

താനെ: ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് ബംഗാളിനോട് തോൽവി. 23 റൺസിനായിരുന്നു ബംഗാളിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗാൾ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 49.4 ഓവറിൽ 242 റൺസിന് ഓൾ ഔട്ടായി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗാളിന് ഓപ്പണർ കൂടിയായ ക്യാപ്റ്റൻ ഇപ്സിത മൊണ്ഡലിൻ്റെ ഇന്നിങ്സാണ് കരുത്ത് പക‍ർന്നത്. ഇപ്സിതയും പ്രതിവ മണ്ഡിയും ചേ‍ർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 90 റൺസ് പിറന്നു. 43 റൺസ് നേടി മടങ്ങിയ പ്രതിവയ്ക്ക് ശേഷമെത്തിയ ശിവാൻഷിയും മികച്ച പ്രകടനം കാഴ്ച വച്ചു. ശിവാൻഷി പുറത്താകാതെ 48 റൺസ് നേടി. തുട‍ർന്നെത്തിയ മൂന്ന് ബാറ്റർമാർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും മറുവശത്ത് നങ്കൂരമിട്ട ഇപ്സിത 97 റൺസ് നേടി. 28 പന്തുകളിൽ 34 റൺസെടുത്ത അദ്രിജ സ‍ർക്കാരും ബംഗാളിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു. കേരളത്തിന് വേണ്ടി അഷിമ ആൻ്റണി രണ്ടും നിയ നസ്നീൻ, ശീതൾ, അനുഷ്ക എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മൂന്ന് റൺസെടുത്ത ഓപ്പണ‍ർ ലെക്ഷിദ ജയൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ശ്രേയ പി സിജുവും ആര്യനന്ദയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷകൾ നല്കി. ഇരുവരും ചേ‍ർന്ന് 142 റൺസ് കൂട്ടിച്ചേ‍ർത്തു. 30 ഓവർ പിന്നിടുമ്പോൾ ശക്തമായ നിലയിലായിരുന്നു കേരളം. എന്നാൽ 31ആം ഓവറിൽ തുടരെ രണ്ട് വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. 75 പന്തുകളിൽ 68 റൺസെടുത്ത ആര്യനന്ദയും ശ്രദ്ധ സുമേഷുമാണ് പുറത്തായത്. 36ആം ഓവറിൽ 79 റൺസെടുത്ത ശ്രേയ പി സിജുവും അഷിമ ആൻ്റണിയും മടങ്ങി. 38ആം ഓവറിൽ നിയ നസ്നീനും മനസ്വിയും പുറത്തായി.

എന്നാൽ ഒരറ്റത്ത് ക്യാപ്റ്റൻ ഇസബെല്ലിൻ്റെ സാന്നിധ്യം അപ്പോഴും കേരളത്തിന് പ്രതീക്ഷ പകർന്നു. ശീതളിനൊപ്പം 23 റൺസും അനുഷ്കയ്ക്കൊപ്പം 34 റൺസും കൂട്ടിച്ചേ‍ർത്ത ഇസബെൽ കളിയുടെ ആവേശം അവസാന ഓവർ വരെ നിലനിർത്തി. എന്നാൽ അൻപതാം ഓവറിലെ നാലാം പന്തിൽ ഇസബെൽ റണ്ണൗട്ടായതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 242 റൺസിന് അവസാനിച്ചു. ഇസബെൽ 42 പന്തുകളിൽ 35 റൺസെടുത്തു. ബംഗാളിന് വേണ്ടി ജഹാൻബി രാജും പ്രതിവ മണ്ഡിയും നാല് വിക്കറ്റ് വീതം വീഴ്ത്തി.

Times Kerala
timeskerala.com