ലീഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ പുറത്തായതിനു പിന്നാലെ ബാറ്റ് മുകളിലേക്ക് എറിഞ്ഞ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. മുഹമ്മദ് സിറാജിന്റെ പന്തിലാണ് സ്റ്റോക്സ് ഔട്ടായത്. നിരാശയിൽ ബാറ്റ് മുകളിലേക്ക് എറിഞ്ഞ സ്റ്റോക്സ്, പിന്നീട് അത് പിടിച്ചെടുത്ത ശേഷമാണു ഗ്രൗണ്ടില്‍നിന്നു മടങ്ങിയത്. 52 പന്തുകൾ നേരിട്ട സ്റ്റോക്സ് 20 റൺസാണ് ആദ്യ ഇന്നിങ്സിൽ നേടിയത്.
സെഞ്ചറി നേടിയ ഒലി പോപ് പുറത്തായതോടെ ഹാരി ബ്രൂക്കുമായി ചേർന്ന് മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു സ്റ്റോക്സ്. എന്നാൽ മുഹമ്മദ് സിറാജിന്റെ 65–ാം ഓവറിലെ അഞ്ചാം പന്തില്‍ സ്റ്റോക്സിനു പിഴച്ചു. എഡ്ജായ ബോൾ ഋഷഭ് പന്ത് പിടിച്ചെടുത്തതോടെ ഇംഗ്ലണ്ട് ക്യാപ്റ്റന് മടങ്ങേണ്ടിവന്നു.
വിക്കറ്റു നേടിയ മുഹമ്മദ് സിറാജിന്റെ ആഘോഷത്തിന്റെയും സ്റ്റോക്സിന്റെ നിരാശയുടേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സ്റ്റോക്സിന്റെ പുറത്താകലോടെ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 276 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 471 റൺസെടുത്തു പുറത്തായിരുന്നു.