

ദേശീയ ടീമിലേക്കുള്ള സിലക്ഷനു പരിഗണിക്കണമെങ്കിൽ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ആഭ്യന്തര ക്രിക്കറ്റിലും കളിക്കണമെന്ന് ബിസിസിഐ. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച രോഹിതും കോലിയും നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണു കളിക്കുന്നത്. 2027ലെ ഏകദിന ലോകകപ്പ് വരെ ടീമിനൊപ്പം തുടരാൻ ഇരുവരും ആഗ്രഹിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. രണ്ടു താരങ്ങളെയും മാച്ച് ഫിറ്റാക്കി നിർത്തുകയെന്ന ലക്ഷ്യവും ബിസിസിഐ നിർദേശത്തിനു പിന്നിലുണ്ട്.
ബിസിസിഐയുടെ നിർദേശം അംഗീകരിക്കുകയാണെങ്കിൽ രണ്ടു താരങ്ങളും വിജയ് ഹസാരെ ട്രോഫിയിൽ കളിക്കേണ്ടിവരും. വിജയ് ഹസാരെയിൽ കളിക്കാമെന്ന് രോഹിത് ശർമ ഇതിനകം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റ് മത്സരങ്ങൾക്കുവേണ്ടി ഫിറ്റ്നസ് നിലനിര്‍ത്താൻ രോഹിത് ശർമ ശരീര ഭാരം 11 കിലോയോളം കുറച്ചിരുന്നു.
എന്നാൽ, വിരാട് കോലി നിലപാടു വ്യക്തമാക്കിയിട്ടില്ല. വിരമിക്കൽ പ്രഖ്യാപനത്തിനുശേഷം കോലി കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസം. ആഭ്യന്തര ടൂർണമെന്റ് കളിക്കുന്നതിനായി കോലി ഇന്ത്യയിൽ തന്നെ തുടരുമോയെന്നതിൽ വ്യക്തതയില്ല.
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെ കോലിയും രോഹിതും രഞ്ജി ട്രോഫിയിൽ കളിച്ചിരുന്നു. വിജയ് ഹസാരെയ്ക്കു പുറമേ, ആവശ്യമെങ്കിൽ സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിലും കളിക്കാൻ രോഹിത് ശർമ താൽപര്യം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് കോലിയും രോഹിതും കളിക്കാനിറങ്ങുന്നത്. ഒരു സെഞ്ചറിയും അർധ സെഞ്ചറിയും നേടിയ രോഹിത് തിളങ്ങിയപ്പോൾ, കോലിയുടെ പ്രകടനം അവസാന മത്സരത്തിലെ അർധ സെഞ്ചറിയിലൊതുങ്ങി. ഡിസംബർ 24നാണ് വിജയ് ഹസാരെ ട്രോഫി തുടങ്ങുന്നത്.