

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച തീരുമാനം തിരുത്തി താരത്തെ ഇന്ത്യൻ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ ബിസിസിഐ (BCCI) നീക്കം. ബിസിസിഐ ഉടൻ വിരാട് കോഹ്ലിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.
കഴിഞ്ഞ മേയ് മാസത്തിലാണ് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. 14 വർഷം നീണ്ട ടെസ്റ്റ് കരിയറിന് 36-ാം വയസ്സിൽ കോഹ്ലി വിരാമമിട്ടത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ, ഏകദിന, ഐപിഎൽ ഫോർമാറ്റുകളിൽ അദ്ദേഹം കളിക്കുന്നത് തുടരും.
വിരാട് കോഹ്ലി ടീമിൽ ഇല്ലാത്തത് ഇന്ത്യയുടെ ടെസ്റ്റ് പ്രകടനത്തെ കാര്യമായി ബാധിക്കുന്നുവെന്ന വിലയിരുത്തലാണ് ബിസിസിഐയെ ഈ നിർണ്ണായക നീക്കത്തിന് പ്രേരിപ്പിക്കുന്നത്. അടുത്തിടെ നടന്ന പ്രധാന പരമ്പരകളിലെല്ലാം യുവനിര ഉൾപ്പെട്ട ഇന്ത്യൻ ടീമിന് തുടർച്ചയായി തിരിച്ചടികൾ നേരിട്ടിരുന്നു. ടീമിന് നിലവിൽ വിരാട് കോഹ്ലിയുടെ അനുഭവസമ്പത്തും, അദ്ദേഹം ടീമിന് നൽകിയിരുന്ന ഊർജ്ജവും അനിവാര്യമാണെന്ന് ബോർഡ് വിലയിരുത്തുന്നു.
ശാരീരികക്ഷമതയുടെ കാര്യത്തിൽ ഇപ്പോഴത്തെ പല യുവതാരങ്ങളെക്കാൾ മുന്നിലാണ് കോഹ്ലി. 2027 ഏകദിന ലോകകപ്പിനായി ഏകദിന ഫോർമാറ്റിൽ മാത്രമാണ് കോഹ്ലി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയിലെ ഉന്നത ഉദ്യോഗസ്ഥർ കോഹ്ലിയുമായി ഉടൻ ചർച്ച നടത്താനാണ് തീരുമാനം.
കോഹ്ലിക്ക് ഈ കാര്യത്തിൽ വ്യക്തമായ ഉറപ്പുകളും ആവശ്യമായ പിന്തുണയും നൽകാൻ ബോർഡ് തയ്യാറായേക്കും. എന്നാൽ, ഈ അഭ്യർത്ഥന വിരാട് കോഹ്ലി എങ്ങനെ എടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിൻ്റെ ടെസ്റ്റ് കരിയറിൻ്റെ ഭാവി. ക്രിക്കറ്റ് ലോകം ഈ നിർണ്ണായക തീരുമാനത്തിനായി കാത്തിരിക്കുകയാണ്.