
മാഞ്ചസ്റ്റർ: ഋഷഭ് പന്തിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ എൻ. ജഗദീശനെ ടീമിൽ ഉൾപ്പെടുത്തി. പ്രത്യേക ഷൂസ് അണിഞ്ഞാണ് പന്ത് ഇന്നലെ ബാറ്റിങ്ങിനായി തിരിച്ചെത്തിയത്. സ്കാനിങ്ങിൽ കാലിനു പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെ അഞ്ചാം ടെസ്റ്റിൽ താരത്തിന് വിശ്രമം അനുവദിക്കും. ഈ സാഹചര്യത്തിലാണ് ജഗദീശനെ ടീമിലേക്കു വിളിപ്പിച്ചത്.
എന്നാൽ, പന്തിനു പകരം ആദ്യ ഇന്നിങ്സിൽ കീപ്പറായ ധ്രുവ് ജുറേൽ തന്നെയായിരിക്കും അഞ്ചാം ടെസ്റ്റിലെ ഒന്നാം വിക്കറ്റ് കീപ്പർ എന്നാണ് സൂചന. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാട് താരമായ ജഗദീശൻ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്. പന്തിനു പകരം ഇഷാൻ കിഷനെ പരിഗണിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ജഗദീശന് നറുക്കുവീണു.
നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചറി നേടിയ ഋഷഭ് പന്ത് 75 പന്തുകളിൽ 54 റൺസടിച്ചു. ആദ്യ ദിവസം പരുക്കേറ്റു പുറത്തായ ഋഷഭ് പന്ത്, രണ്ടാം ദിനം വീണ്ടും ബാറ്റിങ്ങിനിറങ്ങി അർധ സെഞ്ചറി തികച്ച ശേഷമാണു പുറത്തായത്. കാലിലെ പരുക്കുമൂലം ഓടാൻ സാധിക്കാതിരുന്ന പന്ത്, സിംഗിൾ ഉപേക്ഷിച്ച് ബൗണ്ടറികളിലൂടെ സ്കോർ നേടാനാണ് ശ്രമിച്ചത്. ബോഡി ലൈൻ ബൗൺസറുകളും യോർക്കറുകളുമായി ഇംഗ്ലിഷ് ബോളർമാർ പന്തിനെ പരീക്ഷിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച താരം അർധസെഞ്ചറി പൂർത്തിയാക്കി.