സ്പാനിഷ് ലാലീഗ കിരീടം ബാഴ്സലോണക്ക്. ഇന്നലെ എസ്പാന്യോളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്സലോണ കിരീടം ഉറപ്പിച്ചത്. 36 മത്സരങ്ങളിൽ നിന്ന് 85 പോയിന്റുകൾ സ്വന്തമാക്കിയാണ് രണ്ട് മത്സരം ശേഷിക്കേ ബാഴ്സലോണയുടെ കിരീടധാരണം. പട്ടികയിൽ രണ്ടാമതുള്ള റയൽ മാഡ്രിഡിന് 78 പോയിന്റാണുള്ളത്.
ബാഴ്സലോണയുടെ 28ാം ലാലീഗ കിരീട വിജയമാണിത്. എസ്പാന്യോളിന്റെ മൈതാനത്ത് വെച്ച നടന്ന മത്സരത്തിൽ ലമീൻ യമാലാണ് ബാഴ്സലോണക്കായി ആദ്യ ഗോൾ നേടിയത്. കളിയുടെ 53 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് ബോക്സിനടുത്തേക്ക് വെട്ടിച്ച് കയറിയ യമാലിന്റെ തകർപ്പൻ ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് കയറി. യമാലിനെ ഫൗൾ ചെയ്തതിനാൽ ലിയാൻഡ്രോ കബ്രെറ എൺപതാം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് എസ്പാന്യോളിന് തിരിച്ചടിയായി. ഇഞ്ചുറി ടൈമിൽ യമാലിന്റെ പാസ്സ് വലയിലേക്ക് തിരിച്ചുവിട്ട് ഫെർമിൻ ലോപെസ് ബാഴ്സലോണയുടെ വിജയം ഉറപ്പിച്ചു.
സാമ്പത്തിക മാന്ദ്യവും താരങ്ങളുടെ രജിസ്ട്രേഷനും അടക്കമുള്ള പ്രതിസന്ധികളുടെ കാലത്തും അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് ബാഴ്സലോണ സ്വന്തമാക്കിയത്. 28 വിജയങ്ങളും നാല് സമനിലയും അഞ്ച് തോൽവിയും വഴങ്ങിയാണ് ബാഴ്സലോണ ജേതാക്കളായത്. ലാലിഗയിൽ മാത്രമായി 97 ഗോളുകൾ ബാഴ്സലോണ അടിച്ചുകൂട്ടിയത്. ടീം ഇന്ന് ബാഴ്സലോണ നഗരത്തിൽ ട്രോഫി പരേഡ് നടത്തും. സീസണിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ വിയ്യാറയലും അത്‌ലറ്റിക് ക്ലബുമാണ് ബാഴ്സലോണയുടെ എതിരാളികൾ.