ബംഗ്ലദേശ് പേസ് ബോളർ മുസ്തഫിസുർ റഹ്മാൻ ഐപിഎൽ കളിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം. ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി ബംഗ്ലദേശ് പേസ് ബോളറെ ഡൽഹി ക്യാപിറ്റൽസ് പകരക്കാരനായി ‘സൈൻ’ ചെയ്തു. മുസ്തഫിസുർ ഐപിഎൽ കളിക്കുമെന്ന് ഡൽഹി ക്യാപിറ്റൽസ് എക്സ് പ്ലാറ്റ്ഫോമിൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മുസ്തഫിസുറിനെ ഐപിഎൽ കളിപ്പിക്കുന്ന കാര്യത്തിൽ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.
മുസ്തഫിസുർ ബംഗ്ലദേശ് ടീമിനൊപ്പം യുഎഇയിലേക്കു പോകുമെന്ന് ബംഗ്ലദേശ് ബോർഡ് സിഇഒ നിസാമുദ്ദീൻ ചൗധരി പ്രതികരിച്ചു. ഈ മാസം അവസാനം ബംഗ്ലദേശ് യുഎഇക്കെതിരെ രണ്ട് ട്വന്റി20 മത്സരങ്ങൾ കളിക്കുന്നുണ്ട്. ‘‘ഐപിഎൽ സംഘാടകരിൽനിന്നോ, ഫ്രാഞ്ചൈസിയിൽനിന്നോ യാതൊരു അറിയിപ്പും ഞങ്ങൾക്കു ലഭിച്ചിട്ടില്ല. മുസ്തഫിസുർ നേരത്തേ തീരുമാനിച്ചപോലെ യുഎഇയിലേക്കു തന്നെ പോകും. ഐപിഎല്‍ കളിക്കുന്ന കാര്യം മുസതഫിസുറും എന്നെ അറിയിച്ചിട്ടില്ല.’’– നിസാമുദ്ദീൻ വ്യക്തമാക്കി.
2022, 2023 സീസണുകളിൽ ഡൽഹിയുടെ താരമായിരുന്നു മുസ്തഫിസുർ. ഐപിഎലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയും മുസ്തഫിസുർ കളിച്ചിട്ടുണ്ട്. നിലവിലെ സീസണിനു മുൻപു നടന്ന ഐപിഎൽ മെഗാലേലത്തിൽ ബംഗ്ലദേശ് താരങ്ങളെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല.