
ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ വിചിത്ര സംഭവത്തിൽ ഗുരുതര പരുക്കില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ റഹ്കീം കോണ്‍വാള്‍. ഞായറാഴ്ച യുഎസിൽ ഡാലസിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ അറ്റ്‌ലാന്റ കിംഗ്‌സും ലോസ് ഏഞ്ചല്‍സ് വേവ്‌സും തമ്മിലുള്ള നാഷണല്‍ ക്രിക്കറ്റ് ടി10 ലീഗ് എലിമിനേറ്റര്‍ മത്സരത്തിനിടെയായിരുന്നു വിചിത്ര സംഭവം.
അറ്റ്‌ലാന്റ കിംഗ്‌സിന് വേണ്ടി ബാറ്റുവീശുന്നതിനിടെ, വേവ്‌സ് ബോളര്‍ റമ്മാന്‍ റയീസ് എറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്ത് കോണ്‍വാളിന്റെ ഹെല്‍മെറ്റ് ഗ്രില്ലില്‍ തട്ടി. അതിവേഗമെത്തിയ പന്ത് ഹെല്‍മെറ്റിന്റെ ഗ്രില്ലുകള്‍ക്കിടയില്‍ കുടുങ്ങി. കോണ്‍വാളിന്റെ കണ്ണിന് വളരെ അടുത്തായാണ് പന്ത് തറച്ചത്. ഭാഗ്യവശാല്‍ ഗുരുതരമായ പരിക്കില്‍ നിന്ന് കോണ്‍വാള്‍ രക്ഷപ്പെടുകയായിരുന്നു.
പന്ത് ഹെല്‍മെറ്റില്‍ കുടുങ്ങിയത് കണ്ടതും ബോളറും വിക്കറ്റ് കീപ്പറും ഉള്‍പ്പെടെയുള്ളവര്‍ ഉടനെ കോണ്‍വാളിന്റെ അടുത്തെത്തി. മെഡിക്കല്‍ ടീമിനോട് ഗ്രൗണ്ടിനുള്ളിലേക്ക് വരാന്‍ വിക്കറ്റ് കീപ്പര്‍ ആംഗ്യം കാണിക്കുന്നുമുണ്ട്. എന്നാല്‍ ഹെല്‍മറ്റ് ഊരി കോണ്‍വാള്‍ തന്നെ ചിരിച്ചുകൊണ്ട് പന്ത് ഹെല്‍മെറ്റ് ബാറുകള്‍ക്കിടയില്‍ നിന്നെടുക്കുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പിന്നാലെ 14 പന്തില്‍ 17 റണ്‍സെടുത്ത കോണ്‍വാള്‍ റിട്ടയര്‍ഡ് ഔട്ടായി മടങ്ങിയിരുന്നു. മത്സരത്തില്‍ കോണ്‍വാളിന്റെ ടീമായ അറ്റ്‌ലാന്റ കിംഗ്‌സ് 34 റണ്‍സിന് പരാജയം വഴങ്ങുകയാണ് ചെയ്തത്. ലോസ് ഏഞ്ചല്‍സ് വേവ്‌സ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അറ്റ്‌ലാന്റ കിംഗ്‌സിന്റെ ഇന്നിങ്‌സ് 62 റണ്‍സില്‍ അവസാനിച്ചു.