
വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ചറിയിലേക്ക് അനായാസം ബാറ്റു വീശുകയായിരുന്ന ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ (175) റണ്ണൗട്ടായി പുറത്ത്. രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങി രണ്ടാം ഓവറിലായിരുന്നു നിർഭാഗ്യം.
ജയ്ഡൻ സീൽസ് എറിഞ്ഞ പന്തിൽ അതിവേഗ സിംഗിളിനായി ഓടിയ ജയ്‌സ്വാളിനെ മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റൻ ശുഭ്‍മാൻ ഗിൽ തിരിച്ചയച്ചു. പിച്ചിന്റെ പകുതി വരെയെത്തിയ ജയ്‌സ്വാൾ തിരിഞ്ഞോടിയെങ്കിലും ക്രീസിലെത്തും മുൻപ് ചന്ദ്രപോളിന്റെ ത്രോയിൽ കീപ്പർ ടെവിൻ ഇംലാച്, ജയ്‌സ്വാളിനെ പുറത്താക്കുകയായിരുന്നു.
ഇതോടെ നിരാശനായ ജയ്‌സ്വാൾ, ഗില്ലിനോട് പരിഭവം പ്രകടിപ്പിക്കുകയും ഡ്രസിങ് റൂമിലേക്കു മടങ്ങുകയും ചെയ്തു. വിശ്വസിക്കാനാകാതെ ഗില്ലും തലയിൽ കൈവച്ചു. ഇതിന്റെ ദൃശ്യങ്ങൾ വൈറലാണ്. ഇന്നു രണ്ടു റൺസ് മാത്രമാണ് ജയ്‌സ്വാളിനു കൂട്ടിച്ചേർക്കാനായത്.