
ലോകകപ്പിന് ആറു മാസം മാത്രം ബാക്കിയുള്ളപ്പോൾ ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സൂപ്പർ താരം മിച്ചൽ സ്റ്റാർക്ക്. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ മാത്രം ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് സ്റ്റാർക്കിന്റെ വിരമിക്കൽ തീരുമാനം. ആഭ്യന്തര ട്വന്റി20 ടൂർണമെന്റുകളിൽ സ്റ്റാർക്ക് തുടർന്നും കളിച്ചേക്കും.
ലോകകപ്പ് അടുത്തിരിക്കെ സ്റ്റാർക്കിന്റെ വിരമിക്കൽ പ്രഖ്യാപനം ഓസ്ട്രേലിയയ്ക്കു വൻ തിരിച്ചടിയാണ്. ട്വന്റി20 ഫോർമാറ്റിൽ ഓസ്ട്രേലിയയ്ക്കായി കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ള പേസറാണ് സ്റ്റാർക്ക്. 65 മത്സരങ്ങൾ കളിച്ച താരം 79 വിക്കറ്റുകൾ ആകെ നേടിയിട്ടുണ്ട്. 2021 ൽ ട്വന്റി20 ലോകകപ്പ് വിജയിച്ച ഓസ്ട്രേലിയൻ ടീമിൽ സ്റ്റാർക്ക് അംഗമായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിനാണ് എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് സ്റ്റാർക്ക് വിരമിക്കൽ കുറിപ്പിൽ അറിയിച്ചു. ടീമിനു ട്വന്റി20 ഫോർമാറ്റിലേക്കു പുതിയ ബോളർമാരെ പരീക്ഷിക്കുന്നതിനാണ് ലോകകപ്പിനു സമയം ബാക്കിയുള്ളപ്പോൾ തന്നെ കരിയർ അവസാനിപ്പിക്കുന്നതെന്നും സ്റ്റാർക്ക് വ്യക്തമാക്കി.
‘‘ടെസ്റ്റ് ക്രിക്കറ്റിനാണു ഞാൻ പ്രാധാന്യം നൽകുന്നത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര, ആഷസ്, 2027 ഏകദിന ലോകകപ്പ് എന്നിവയെല്ലാം വരികയാണ്. ആ ടൂർണമെന്റുകളിലെല്ലാം മികച്ച പ്രകടനം നടത്താൻ എനിക്കു ഫിറ്റായിരിക്കണം. പുതിയ ബോളർമാർക്കു ട്വന്റി20 ലോകകപ്പിന് ഒരുങ്ങാനും ഇതിലൂടെ സമയം ലഭിക്കും.’’– സ്റ്റാർക്ക് വ്യക്തമാക്കി.