
ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരത്തില്‍ ഹസ്തദാനം നിരസിച്ചതിനെ പരിഹസിച്ച് ഓസ്ട്രേലിയന്‍ താരങ്ങള്‍. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന ഏകദിന ടി20 പരമ്പരയുടെ മുന്നോടിയായി കയോ സ്പോര്‍ട്സ് ഇറക്കിയ പ്രൊമോ വീഡിയോയിലാണ് ഇന്ത്യ- പാക് മത്സരത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ച് തമാശരൂപേണ അവതരിപ്പിക്കുന്നത്.
ഇന്ത്യക്ക് ഹസ്തദാനം നല്‍കുന്നതില്‍ താല്‍പര്യമില്ലെന്ന് ആങ്കര്‍ പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ടീമിനെ പരിഹസിക്കുന്ന രീതിയിലുള്ള ആംഗ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നു. ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഹേസല്‍വുഡ്, ജേക്ക് ഫ്രേസര്‍ മക്ഗര്‍ക് എന്നീ പുരുഷ താരങ്ങളും അലിസ്സ ഹീലി, സോഫി മോളിനെക്സ് എന്നീ വനിതാ താരങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്. തുടര്‍ന്ന് വീഡിയോക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തു.
പഹല്‍ഗാം ആക്രമണത്തിന് ശേഷം നടന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരങ്ങളില്‍ ഹസ്തദാനം നല്‍കുന്നതിനും ഫൈനലിന് മുന്നോടിയായുള്ള ക്യാപ്റ്റന്‍മാരുടെ ഫോട്ടോഷൂട്ടിനും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വിസമ്മതിച്ചിരുന്നു. കൂടാതെ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നതിന് വിസമ്മതിച്ചിരുന്നു. വനിതാ ലോകകപ്പിലും ഇന്ത്യ ഹസതദാനത്തിന് തയാറായിരുന്നില്ല.
ഒക്ടോബര്‍ 19 നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങള്‍ക്ക് ശേഷം അഞ്ച് ടി20 മത്സരങ്ങളും ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കും.