
കൊച്ചി: അർജന്റീന ടീമിന്റെ കേരള പര്യടനം സംബന്ധിച്ച കാര്യങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. കേരളത്തിലെത്തുന്ന അര്‍ജന്റീനയ്ക്ക് എതിരാളി ഓസ്ട്രേലിയ ടീമായിരിക്കുമെന്നാണ് റിപ്പോർട്ട്. മത്സരം സംബന്ധിച്ച് ഓസ്ട്രേലിയ ടീമും സ്പോൺസറും തമ്മിൽ കരട് കൈമാറിയതായും സ്ഥിരീകരണമുണ്ട്.
മെസ്സിയും സംഘവും കേരളത്തിലേക്ക് എത്തുന്നതിന് മുന്നോടിയായി ടീം മാനേജർ ഇന്ന് കൊച്ചിയിൽ എത്തും. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം, തുടർന്ന് കായിക മന്ത്രി വി. അബ്ദുൽറഹ്മാനുമായി കൂടിക്കാഴ്ച നടത്തും.
കൊച്ചിയിൽ എത്തുന്ന മാനേജർ കലൂർ സ്റ്റേഡിയം സന്ദർശിച്ച് അനുബന്ധ സൗകര്യങ്ങളും പരിശോധിക്കും. ഇതിനു പുറമെ താമസിക്കുന്ന ഹോട്ടൽ, ഭക്ഷണം, യാത്രാ സൗകര്യം എന്നിവയും ടീം മാനേജർ വിലയിരുത്തും. നവംബർ 15ന് അർജന്റീന സംഘം കേരളത്തിൽ എത്തും.
ഖത്തർ ലോകകപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1-ന് അർജന്റീന ആവേശകരമായ വിജയം നേടിയിരുന്നു. ആദ്യം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ് സൗഹൃദമത്സരത്തിനായി തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് മാറ്റുകയായിരുന്നു.