
ന്യൂഡൽഹി: സിംഗപ്പൂരിനെതിരെയുള്ള ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള 30 അംഗ ഇന്ത്യൻ സാധ്യതാ ടീമിനെ കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ചു. ടീമിൽ 7 പേർ മലയാളികളാണ്. ഡിഫൻഡർ മുഹമ്മദ് ഉവൈസ്, മിഡ്ഫീൽഡർമാരായ ആഷിഖ് കുരുണിയൻ, എം.എസ്. ജിതിൻ, മുഹമ്മദ് അയ്മൻ, വിബിൻ മോഹനൻ, സ്ട്രൈക്കർമാരായ മുഹമ്മദ് സനാൻ, മുഹമ്മദ് സുഹൈൽ എന്നിവരാണിവർ.
20ന് ബെംഗളൂരുവിൽ പരിശീലന ക്യാംപ് ആരംഭിക്കും. ഇവരിൽനിന്ന് അന്തിമ ടീമിനെ പ്രഖ്യാപിക്കും. വിരമിക്കൽ പിൻവലിച്ച വെറ്ററൻ താരം സുനിൽ ഛേത്രി സാധ്യതാ ടീമിലുണ്ടെന്നതാണു ശ്രദ്ധേയം.
നേരത്തേ നടന്ന കാഫ നേഷൻസ് കപ്പിനുള്ള ടീമിൽ ഖാലിദ് ജമീൽ ഛേത്രിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഒക്ടോബർ 9ന് സിംഗപ്പൂരിലും 14ന് ഗോവയിലുമാണ് മത്സരങ്ങൾ.