ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടക്കുന്ന 26ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണം. പുരുഷവിഭാഗം 400 മീറ്ററിൽ അമ്മാർ ഇസ്മായിൽ ഇബ്രാഹിമിയാണ് 45.33 സെക്കൻഡ് സമയത്തിൽ ഫിനിഷ് ചെയ്ത് ഖത്തറിനായി ആദ്യ സ്വർണം നേടിയത്. ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ ഏക മെഡൽ നേട്ടം കൂടിയാണിത്.
നേരത്തെ സെമിയിൽ 46.05 സെക്കൻഡിൽ ഫിനിഷ്ചെയ്ത് ഫൈനലിൽ ഇടം നേടിയ അമ്മാർ, മെഡൽ നിർണയ പോരാട്ടത്തിൽ അവസാന 100 മീറ്ററിലെ ഉജ്ജ്വല കുതിപ്പിലൂടെയായിരുന്നു സ്വർണത്തിൽ ഫിനിഷ് ചെയ്തത്. 2023 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഖത്തർ രണ്ട് സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ നേടിയിരുന്നു.