ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പ്; ജാവലിൻ ത്രോയിൽ പാക് താരത്തെ വിറപ്പിച്ച് ഇന്ത്യയുടെ യുവതാരം സച്ചിൻ യാദവ് | Asian Athletics Championship

8 സ്വർണവും 10 വെള്ളിയും 6 വെങ്കലവുമടക്കം 24 മെഡലുകളുമായി ഇന്ത്യ രണ്ടാംസ്ഥാനത്ത്
javelin throw
Published on

ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ അവസാന ദിനത്തിൽ ജാവലിൻ ത്രോയിൽ വിസ്മയക്കുതിപ്പുമായി ഇന്ത്യയുടെ യുവതാരം സച്ചിൻ യാദവ്. നീരജ് ചോപ്രയുടെ പിൻമാറ്റത്തോടെ ഇന്ത്യയ്ക്ക് പ്രതീക്ഷ നഷ്ടമായ ജാവലിൻ ത്രോയിൽ, നീരജിനൊത്ത പിൻഗാമിയാണ് താനെന്ന് തെളിയിച്ചുകൊണ്ട് സച്ചിൻ യാദവ് വെള്ളി മെഡൽ എറിഞ്ഞിട്ടു. നീരജിന്റെ അഭാവത്തിൽ അനായാസ വിജയത്തിലേക്കു നീങ്ങിയ പാക്കിസ്ഥാന്റെ ഒളിംപിക് ചാംപ്യൻ അർഷാദ് നദീമിനെ സച്ചിൻ വിറപ്പിച്ചു.

പുരുഷവിഭാഗം ജാവലിൻ ത്രോയിൽ ഒളിംപിക് ചാംപ്യൻ പാക്കിസ്ഥാന്റെ അർഷാദ് നദീം (86.40 മീറ്റർ) സ്വർണം നേടിയപ്പോൾ കരിയറിലെ മികച്ച ദൂരമായ 85.16 മീറ്റർ പിന്നിട്ടായിരുന്നു സച്ചിൻ വെള്ളി നേടിയത്. അർഷാദ് നദീമിന്റെ ആദ്യ ഏഷ്യൻ ചാംപ്യൻഷിപ്പ് മെഡലാണിത്. ഏഷ്യൻ താരങ്ങളിൽ ഈ സീസണിലെ ഏറ്റവും മികച്ച ദൂരം കൂടിയാണ് നദീം സ്വന്തമാക്കിയത്.

കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് സച്ചിൻ യാദവ് വെള്ളി നേടിയത്. മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം യഷ് വീർ സിങ്ങും കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും (82.57) അഞ്ചാം സ്ഥാനത്തായിപ്പോയി. വെള്ളി നേടിയ സച്ചിൻ യാദവിന് നേരിയ വ്യത്യാസത്തിൽ ലോക ചാംപ്യൻഷിപ്പ് യോഗ്യത നഷ്ടമായത് ഇന്ത്യയ്‌ക്ക് നിരാശയായി. 8.50 ആയിരുന്നു ലോക ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക്.

ഏഷ്യൻ അത്‍ലറ്റിക്സിന്റെ അവസാന ദിനത്തിലും ഇന്ത്യ മെഡൽവേട്ട നടത്തി. ഇന്നലെ 3 വീതം വെള്ളിയും വെങ്കലവും നേടിയാണ് ഇന്ത്യൻ അത്‌ലീറ്റുകൾ ഏഷ്യൻ ചാംപ്യൻഷിപ്പിലെ മെഡൽ പോരാട്ടം അവസാനിപ്പിച്ചത്. 8 സ്വർണവും 10 വെള്ളിയും 6 വെങ്കലവുമടക്കം 24 മെഡലുകളുമായി ഇന്ത്യ രണ്ടാംസ്ഥാനം സ്വന്തമാക്കിയപ്പോൾ 15 സ്വർണമടക്കം 26 മെഡലുകൾ നേടിയ ചൈനയാണ് ഒന്നാമത്.

Related Stories

No stories found.
Times Kerala
timeskerala.com