
ഏഷ്യാകപ്പ് ടീം പ്രഖ്യാപനം നടക്കാനിരിക്കെ ഇന്ത്യൻ ടീമിന്റെ കാര്യത്തിൽ കടുത്ത തീരുമാനങ്ങൾക്കൊരുങ്ങി സിലക്ഷൻ കമ്മിറ്റി. യുവതാരങ്ങളുടെ നിരയുമായി മുന്നോട്ടുപോകാനാണ് സിലക്ഷൻ കമ്മിറ്റിയുടെ നീക്കം. ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ടീമിലെടുക്കുന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.
ചൊവ്വാഴ്ച സിലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷമാണു ടീം പ്രഖ്യാപിക്കുന്നത്. ഉച്ചയ്ക്ക് 1.30നാണ് വാർത്താ സമ്മേളനം. ചീഫ് സിലക്ടർ അജിത് അഗാർക്കർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തേക്കും. 2025 ഐപിഎലിൽ കഴിവു തെളിയിച്ച യുവതാരങ്ങളെ കൂടുതലായി ടീമിലെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും സിലക്ടർമാർ ഇതു പരിഗണിക്കാൻ സാധ്യതയില്ല. തിലക് വർമയെ ഒഴിവാക്കി ശുഭ്മൻ ഗില്ലിനെ ടീമിലെടുക്കാനായിരുന്നു നീക്കങ്ങൾ. എന്നാൽ നന്നായി കളിക്കുന്ന തിലക് വർമയെ എന്തിന് മാറ്റിനിർത്തണമെന്നാണ് മറുവിഭാഗം ചോദിക്കുന്നത്.
സഞ്ജുവും അഭിഷേക് ശർമയും തന്നെ ഓപ്പണർമാരാകുമ്പോൾ യശസ്വി ജയ്സ്വാൾ മൂന്നാം ഓപ്പണറാകും. ഓപ്പണിങ് സഖ്യം പാളിയാൽ മാത്രമാകും ജയ്സ്വാളിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുക. കഴിഞ്ഞ ഐപിഎലിൽ മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരെയും ബിസിസിഐ പരിഗണിക്കാൻ സാധ്യതയില്ല. അയ്യരെ ടീമിലെടുത്താലും എവിടെ കളിപ്പിക്കുമെന്നതാണ് സിലക്ടർമാർ ചോദിക്കുന്നത്.
പ്രധാന പേസറായി ജസ്പ്രീത് ബുമ്ര വരുമ്പോൾ മുഹമ്മദ് സിറാജിനെ ടീമിലെടുക്കാനുള്ള സാധ്യതയും മങ്ങുകയാണ്. സിറാജിന്റെ പരുക്കും വെല്ലുവിളിയാണ്. പേസർ മുഹമ്മദ് ഷമിക്കും ടീമിൽ അവസരമുണ്ടാകില്ല. അതേസമയം യുവതാരങ്ങളായ അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവരെയാകും മറ്റു പേസർമാരായി ടീമിലെത്തിക്കുക. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കു സഞ്ജു സാംസണു വെല്ലുവിളിയുണ്ടാകില്ല. രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ജിതേഷ് ശർമയോ, ധ്രുവ് ജുറേലോ വരാനാണ് സാധ്യത.