
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിച്ചതിനെ തുടർന്ന് ഏഷ്യാ കപ്പ് മത്സരങ്ങൾ നടത്താനുള്ള നീക്കത്തിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. സാഹചര്യം വഷളായതോടെ ഐസിസിയുടെയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും ടൂർണമെന്റുകള്‍ ബഹിഷ്കരിക്കാൻ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്നാണ്.
സെപ്റ്റംബറിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, യുഎഇ ടീമുകൾ മത്സരിക്കും. ഏഷ്യാ കപ്പിനു വേണ്ടിയുള്ള ചർച്ചകൾ അടുത്ത ആഴ്ച തുടങ്ങുമെന്നും ജൂലൈ ആദ്യ വാരം മത്സരക്രമം പുറത്തുവരുമെന്നുമാണ് റിപ്പോർട്ട്. ഈ വർഷത്തെ ഏഷ്യാ കപ്പിന് ഇന്ത്യയാണ് ആതിഥേയരാകേണ്ടത്. എന്നാൽ യുഎഇയിലോ, ഹൈബ്രിഡ് വേദിയിലോ ടൂർണമെന്റ് നടത്താനാണ് ആലോചന. പാക്കിസ്ഥാന്റെ മത്സരങ്ങൾ മാത്രം ഇന്ത്യയ്ക്കു പുറത്തു നടത്താനും സാധ്യതയുണ്ട്.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്‌സിൻ നഖ്‍വിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ ഇപ്പോൾ നയിക്കുന്നത്. ഏഷ്യാ കപ്പ് നടന്നില്ലെങ്കിൽ, അഫ്ഗാനിസ്ഥാൻ, യുഎഇ ടീമുകളെ പങ്കെടുപ്പിച്ച് ത്രിരാഷ്ട്ര പരമ്പര സംഘടിപ്പിക്കാൻ പാക്ക് ക്രിക്കറ്റ് ബോർഡ് നേരത്തേ ആലോചിച്ചിരുന്നു. ഏഷ്യാ കപ്പ് ഉണ്ടെങ്കിൽ ഈ ടൂർണമെന്റ് ഉപേക്ഷിക്കും.