
ഏഷ്യ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറാതിരുന്ന പാകിസ്ഥാൻ എഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്സിൻ നഖ്‌വിക്ക് വീണ്ടും മുന്നറിയിപ്പുമായി ബിസിസിഐ. ഇനിയും ട്രോഫി കൈമാറാൻ തയ്യാറായില്ലെങ്കിൽ ഐസിസിക്ക് പരാതി നൽകുമെന്നാണ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) അവസാന ഘട്ട താക്കീത് നൽകിയിരിക്കുന്നത്.
ഇന്ത്യ-പാകിസ്ഥാൻ തർക്കം കൂടുതൽ അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയർത്തുമെന്നാണ് ബിസിസിഐ നൽകുന്ന സൂചന. അടുത്ത മാസം ചേരുന്ന ഐസിസി യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം. ജയ് ഷാ അധ്യക്ഷനായ ഐസിസിയുടെ മുന്നിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മറുപടി നൽകേണ്ടി വരുമെന്നും അതോടെ നഖ്‌വി ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കുമെന്നുമാണ് ബിസിസിഐയുടെ കണക്ക് കൂട്ടൽ.
പാകിസ്ഥാൻ്റെ ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ചാംപ്യന്മാരായ ഇന്ത്യൻ ടീം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിസിബി ചെയർമാനായ നഖ്‌വി ഏഷ്യ കപ്പ് ഫൈനൽ ചടങ്ങിൽ നിന്ന് ട്രോഫിയുമായി നേരെ പോയത് ദുബായിലെ തൻ്റെ ഓഫീസിലേക്കായിരുന്നു. തുടർന്ന് ട്രോഫി അവിടെ വച്ച് പൂട്ടുകയും ചെയ്തു. ട്രോഫി കൈമാറണമെന്ന ബിസിസിഐയുടെ ആവശ്യം നഖ്‌വി തള്ളുകയും ചെയ്തു. ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരിട്ടെത്തി ട്രോഫി ഏറ്റുവാങ്ങുന്ന ഒരു ഔപചാരിക ചടങ്ങ് സംഘടിപ്പിക്കണമെന്ന നഖ്‌വിയുടെ ആവശ്യം ബിസിസിഐയും തള്ളിയിരുന്നു. ട്രോഫിയും വിജയികളുടെ മെഡലുകളും ഔദ്യോഗികമായി ബിസിസിഐ ആസ്ഥാനത്തേക്ക് അയക്കണമെന്ന നിബന്ധന അംഗീകരിക്കാൻ എസിസിയും തയ്യാറായില്ല.