

ഒന്നു-രണ്ട് ദിവസത്തിനുള്ളിൽ 'ഏഷ്യാ കപ്പ്' ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ. മുംബൈയിലെ ബിസിസിഐ ഹെഡ്‌ക്വാർട്ടേഴ്സിൽ ഒന്നുരണ്ട് ദിവസത്തിനുള്ളിൽ തന്നെ ട്രോഫി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ പ്രത്യാശ പ്രകടിപ്പിച്ചു. ബിസിസിഐ ജോയിൻ്റ് സെക്രട്ടറി ഒരഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് ദിവസത്തിനകം ട്രോഫി എത്തിയില്ലെങ്കിൽ നവംബർ നാലിന് നടക്കുന്ന ഐസിസി യോഗത്തിൽ ഇന്ത്യ ഔദ്യോഗികമായി പരാതിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. "ഒരു മാസത്തിന് ശേഷവും ട്രോഫി കൈമാറാത്തതിൽ ഞങ്ങൾ അസന്തുഷ്ടരാണ്. 10 ദിവസം മുൻപ് ഞങ്ങൾ ഐസിസി ചെയർമാന് കത്തെഴുതിയിരുന്നു. പക്ഷേ, അവരുടെ നിലപാടിൽ മാറ്റമൊന്നുമുണ്ടായില്ല." - അഭിമുഖത്തിൽ ദേവജിത് സൈകിയ പറഞ്ഞു.
"ഇപ്പോഴും അവർ ട്രോഫി അവിടെ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ, ഒന്നു-രണ്ട് ദിവസത്തിനുള്ളിൽ തന്നെ ട്രോഫി മുംബൈയിലെ ബിസിസിഐ ഓഫീസിലെത്തുമെന്ന് ഞാൻ കരുതുന്നു. തന്നില്ലെങ്കിൽ നവംബർ നാലിന് ദുബായിൽ നടക്കുന്ന ഐസിസി യോഗത്തിൽ ഇക്കാര്യം പരാതിപ്പെടും." - അദ്ദേഹം വ്യക്തമാക്കി.
"ഞങ്ങൾ ഈ വിഷയം പരിഹരിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. ട്രോഫി ഇന്ത്യയിലെത്തുമെന്ന് എല്ലാ ഇന്ത്യക്കാർക്കും ഞാൻ ഉറപ്പു നൽകുന്നു. എപ്പോഴാണ് അത് എത്തുക എന്നത് ഉറപ്പായിട്ടില്ല. പക്ഷേ, ഒരു ദിവസം ട്രോഫി ഉറപ്പായും ഇന്ത്യയിലെത്തും."- സൈകിയ പറഞ്ഞു.