ഏഷ്യാ കപ്പ്: ക്യാപ്റ്റൻസിയിൽ ‘സസ്പെൻസ്’, ജയ്സ്വാളും ശ്രേയസും ടീമിലുണ്ടാകില്ല | Asia Cup

സഞ്ജുവിന് ബാക്ക് അപ് കീപ്പറായി ധ്രുവ് ജുറേലോ ജിതേഷ് ശർമയോ ടീമിലെത്തിയേക്കും
Asia Cup
Published on

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ യശസ്വി ജയ്സ്വാളിനും ശ്രേയസ് അയ്യർക്കും ഇടമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ട്വന്റി20യില്‍ മികച്ച ഫോമിലാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ജയ്സ്വാളിന് ബിസിസിഐ നൽകിയിരിക്കുന്ന നിർദേശം. അതേസമയം കഴിഞ്ഞ ഐപിഎലിൽ‌ പഞ്ചാബ് കിങ്സിനെ ഫൈനൽ വരെയെത്തിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനായി ഇനിയും കാത്തിരിക്കണം.

തകർപ്പൻ ഫോമിലുള്ള സഞ്ജു സാംസൺ– അഭിഷേക് ശര്‍മ ഓപ്പണിങ് സഖ്യം പൊളിക്കാതിരിക്കാനാണ് ജയ്സ്വാളിനെ ടീമിലേക്കു പരിഗണിക്കാത്തത്. ഇനി ടീമിലെത്തിയാലും ബാക്ക് അപ് ഓപ്പണറായി ബെഞ്ചിലായിരിക്കും ജയ്സ്വാളിന്റെ സ്ഥാനം. ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പൂർണ ഫിറ്റ്നസിലേക്ക് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. അഥവാ സൂര്യ കളിക്കാതിരുന്നാൽ ഗില്ലിനെ ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കാനുള്ള ചർച്ചകളും തുടരുന്നുണ്ട്. ഗിൽ വന്നാൽ ഓപ്പണിങ്ങില്‍ കളിക്കാതെ മൂന്നാമതോ, നാലാമതോ ബാറ്റിങ്ങിൽ ഇറക്കാനും ആലോചനയുണ്ട്. സഞ്ജുവിന് ബാക്ക് അപ് കീപ്പറായി ധ്രുവ് ജുറേലോ ജിതേഷ് ശർമയോ ടീമിലെത്തിയേക്കും.

സൂപ്പർ താരം ജസ്പ്രീത് ബുമ്രയായിരിക്കും ഇന്ത്യൻ പേസ് ആക്രമണത്തിനു നേതൃത്വം നല്‍കുക. ഇന്ത്യൻ ടീമിനെ ബിസിസിഐ ഈ മാസം 19ന് പ്രഖ്യാപിക്കും. അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി 19ന് മുംബൈയിൽ യോഗം ചേരുമെന്നും അതിനുശേഷം ടീം പ്രഖ്യാപനം നടത്തുമെന്നുമാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com